Friday, February 21, 2025

ഫ്രാൻസിസ് പാപ്പയ്ക്ക് ന്യുമോണിയ: കൂടുതൽ ചികിത്സ ആവശ്യം

വത്തിക്കാൻ മെഡിക്കൽ ടീമിന്റെയും ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാരുടെയും നിർദേശപ്രകാരം ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി റ്റി സ്കാൻ പരിശോധനയിൽ, ഫ്രാൻസിസ് പാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. ഇതേ തുടർന്ന് പാപ്പയ്ക്ക് കൂടുതൽ മരുന്നുകൾ ഉൾപ്പെടുന്ന ചികിത്സ ആവശ്യമായിരിക്കുകയാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച നടത്തിയ ലബോറട്ടറി പരിശോധനകളും എക്സ്റേ സ്കാൻ റിപ്പോർട്ടുകളും ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി അൽപം സങ്കീർണമായി തുടരുന്നുവെന്ന് വ്യക്തമാക്കി. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പയ്ക്ക് പോളിമൈക്രോബിയൽ അണുരോഗബാധയാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പാപ്പയ്ക്ക് കോർട്ടിസോൺ ഉൾപ്പെടുന്ന ആന്റിബയോട്ടിക് ചികിത്സകൾ ആവശ്യമാണെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

പാപ്പയുടെ ആരോഗ്യസ്ഥിതി അൽപം സങ്കീർണമായി തുടരുമ്പോഴും അദ്ദേഹം സന്തോഷവാനാണെന്നും ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. പകൽ അദ്ദേഹം വിശ്രമവും പ്രാർഥനകളും വായനയുമായി ചിലവഴിച്ചു. കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പാപ്പയുടെ സൗഖ്യത്തിനായി പ്രാർഥനാശംസകൾ നേർന്നും തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും അയച്ചിരുന്നു. തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പ, പ്രാർഥനകൾ തുടരാൻ ഏവരോടുംഅഭ്യർഥിച്ചു.

ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കാണ് വത്തിക്കാൻ പ്രസ് ഓഫിസ് പാപ്പയുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പത്രക്കുറിപ്പിറക്കിയത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News