ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസങ്ങളില്ലെന്ന് വത്തിക്കാൻ അറിയിച്ചു. എങ്കിലും രക്തപരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്തുവെന്നും അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ളമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ്സ് ഓഫീസ് ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തിനുശേഷം ചില പത്രവാർത്തകളിലൂടെ കടന്നുപോയ പാപ്പ, തന്റെ അടുത്ത സഹപ്രവർത്തകരുടെ സഹായത്തോടെ അനുദിനപ്രവർത്തനങ്ങളിൽ മുഴുകിയതായും പ്രസ്സ് ഓഫീസ് വിശദീകരിച്ചു. ഉച്ചഭക്ഷണത്തിനുമുൻപ് പരിശുദ്ധ പിതാവ് വിശുദ്ധ കുർബാന സ്വീകരിച്ചു. ഇതേദിവസം ഉച്ചകഴിഞ്ഞ്, തന്നെ കാണാനെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്യ മെലോണിക്ക് പാപ്പ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചെന്നും ഇരുവരും ഇരുപതു മിനിറ്റോളം ഒരുമിച്ച് ചിലവഴിച്ചെന്നും പ്രസ്സ് ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലെ സ്ഥിതിഗതികൾ
ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളുമായി ഫെബ്രുവരി 14 വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ച പാപ്പയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ, പോളിമൈക്രോബിയൽ അണുരോഗബാധ കണ്ടെത്തിയെന്നും തുടർന്ന് ഫെബ്രുവരി 18 ഉച്ചകഴിഞ്ഞ് നടത്തിയ സി ടി സ്കാനിൽ പാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി അറിഞ്ഞെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാപ്പയ്ക്ക് കോർട്ടിസോൺ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങളെ അധികരിച്ച് പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പ്രാർഥനാശംസകൾ നേരുകയും സാമീപ്യം അറിയിക്കുകയും ചെയ്തവർക്ക് നന്ദിപറഞ്ഞ പാപ്പ, പ്രാർഥനകൾ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്