റോമിലെ ജെമേല്ലി ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി. പാപ്പയ്ക്ക് രണ്ടുതവണ ശ്വാസതടസ്സമുണ്ടായെന്നും കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല എന്നും വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 28 ന് മാർപാപ്പയ്ക്ക് ഛർദിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് ആരോഗ്യനില കൂടുതൽ വഷളായിരുന്നു. എങ്കിലും പിന്നീട് നില അൽപം മെച്ചപ്പെട്ടിരുന്നു. എന്നാൽ, പാപ്പയ്ക്ക് വീണ്ടും ശ്വാസതടസ്സമുണ്ടാവുകയായിരുന്നു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ വിഭൂതിദിനത്തിലെ തിരുക്കർമ്മങ്ങളിൽ മാർപാപ്പയ്ക്ക് ദിവ്യബലി അർപ്പിക്കാൻ കഴിയില്ലെന്ന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ ആഘോഷങ്ങളുടെ മേധാവിയായ ബിഷപ്പ് ഡിയാഗോ ജിയോവന്നി റാവെല്ലി സ്ഥിരീകരിച്ചു.