റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനെ ശരിവയ്ക്കുന്നതാണ് രക്തപരിശോധനകളും ചികിത്സാവസ്തുതകളും മരുന്നുകളോടുള്ള നല്ല പ്രതികരണവുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
പാപ്പയുടെ രോഗാവസ്ഥയുടെ സങ്കീർണ്ണതകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്ന രോഗാവസ്ഥയും പരിഗണിച്ച് പാപ്പ കുറച്ചു ദിവസങ്ങൾകൂടി ആശുപത്രിയിൽതന്നെ ചികിത്സയിൽ തുടരേണ്ടതുണ്ടെന്ന് പ്രസ്സ് ഓഫീസ് വ്യക്തമാക്കി. റോമൻ കൂരിയായിലെ അംഗങ്ങൾക്കായി വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിൽ ഓൺലൈൻ സംവിധാനസഹായത്തോടെ പാപ്പ പങ്കുചേർന്നു. പാപ്പ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചാപ്പലിൽ അൽപസമയം പ്രാർഥനയിൽ ചിലവഴിക്കുകയും ചെയ്തു എന്നും വത്തിക്കാൻ അറിയിച്ചു.