Thursday, November 21, 2024

രക്തസാക്ഷിത്വത്തിന്റെ മൂല്യത്തെ ഉയർത്തിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ

വ്യക്തിപരമായ ശ്രമത്തിന്റെയോ, തീരുമാനത്തിന്റെയോ മാത്രം ഫലമല്ല രക്തസാക്ഷികളുടെ ജീവത്യാഗമെന്നും മറിച്ച് ദൈവസ്നേഹത്തിന്റെ ശക്തിയാൽ ഒരുവന്റെ ജീവിതം മാറ്റപ്പെടുമ്പോഴാണ് അത് സാധ്യമാവുകയെന്നും ഫ്രാൻസിസ് പാപ്പ. രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് വിശുദ്ധരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഒരുക്കിയ കോൺഫറൻസിൽ സംബന്ധിച്ചവർക്ക് കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് വിശ്വാസത്തിനായി ജീവനേകുന്നതിന്റെ മൂല്യത്തെക്കുറിച്ച് പാപ്പ ഉദ്ബോധിപ്പിച്ചത്.

“സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” (യോഹ. 15:13) എന്ന, വി. യോഹന്നാന്റെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വചനം പാപ്പ തന്റെ പ്രഭാഷണത്തിൽ ഉദ്ധരിച്ചു. ഒരാളെ വിശുദ്ധനെന്നു പ്രഖ്യാപിക്കാൻ വലിയ അത്ഭുതങ്ങളുടെ ആവശ്യമില്ലെന്നും രക്തസാക്ഷിത്വം അതിന് മതിയായ കാരണമാണെന്നും പാപ്പ ഓർമിപ്പിച്ചു. സുഹൃത്തുക്കൾക്കായി ജീവനേകുക എന്നത് ജീവിതത്തിൽ പ്രത്യാശയും ആശ്വാസവും വളർത്തുന്ന ഒന്നാണെന്ന് പാപ്പ പറഞ്ഞു. അന്ത്യ അത്താഴവേളയിൽ, ക്രിസ്തു തന്റെ ജീവൻ കുരിശിൽ നല്കപ്പെടാൻ പോകുന്നതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു പാപ്പ. സ്നേഹത്തിനു മാത്രമേ കുരിശുമരണത്തിന്റെ കാരണം നൽകാനാവൂ എന്ന് പാപ്പ വ്യക്തമാക്കി. ദൈവസ്നേഹത്തിന്റെയും കരുണയുടെയും പൂർണ്ണതയാണ് ക്രിസ്തുവിന്റെ കുരിശിൽ നാം കാണുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

രക്തസാക്ഷികൾ ക്രിസ്തുവിന്റെ മാതൃക പൂർണ്ണമായും സ്വീകരിച്ച ശിഷ്യരാണെന്നും സ്വയം നിഷേധിച്ച്, തന്റെ കുരിശെടുത്ത് ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്രയിലൂടെ അവർ വിശ്വസനീയമായ സാക്ഷ്യമാണ് നൽകുന്നത്. അങ്ങനെ ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി ജീവൻ നൽകിയവരെക്കുറിച്ച് വലിയ ബഹുമാനത്തോടെയാണ് സഭ എന്നും കണ്ടുവന്നിരുന്നതെന്ന് പാപ്പാ ഓർമിപ്പിച്ചു.

നമുക്ക് മാനുഷികമായി സാധിക്കുന്നതിനുമപ്പുറം ദൈവത്തെയും സഭയെയും സ്നേഹിക്കാൻ സഹായിക്കുന്ന ദൈവസ്നേഹത്തിന്റെ ശക്തിക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. എല്ലാ മനുഷ്യർക്കും വിശുദ്ധിയിലേക്കുള്ള ഒരു വിളിയുണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ലുമെൻ ജെൻസ്യൂം പരാമർശിച്ചുകൊണ്ട് പാപ്പ ഓർമിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News