ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്കും കുര്‍ബാനയ്ക്കും നേതൃത്വം നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്മങ്ങളിലാണ് മാര്‍പാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷമുള്ള പാപ്പായുടെ ആദ്യപൊതുചടങ്ങായിരുന്നു ഇത്.
ഒലിവ് ചില്ലകളും കൈയിലേന്തി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അണിനിരന്ന വൈദികരും സന്യാസികളും ഉള്‍പ്പെട്ട അറുപതിനായിരത്തോളം വിശ്വാസികളെ പാപ്പാ മൊബീലില്‍ യാത്ര ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് മാര്‍പാപ്പ ഇതിനു മുമ്പ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയത്. ഇതിനുശേഷം അസുഖബാധിതനായി റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ടു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്. ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലെ ചടങ്ങുകള്‍ക്കും മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു.