ദരിദ്രർക്കുവേണ്ടിയുള്ള ആഗോളദിനമായ നവംബർ 17 ന് വത്തിക്കാനിൽ നിർധനരായ 1300 പേർക്കൊപ്പം ഉച്ചഭക്ഷണത്തിന് മാർപാപ്പയും പങ്കെടുക്കും. 2017 ൽ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ഒരു സംരംഭമാണിത്. ‘ദരിദ്രരുടെ പ്രാർഥന ദൈവത്തിലേക്ക് ഉയരുന്നു’ എന്നതാണ് ഈ വർഷത്തെ ദരിദ്രരുടെ ആഗോളദിനത്തിന്റെ പ്രമേയം.
ദരിദ്രരുടെ ആഗോളദിനത്തോടനുബന്ധിച്ച് പിന്നാക്കം നിൽക്കുന്ന ആളുകൾക്കുവേണ്ടി ’13 വീടുകൾ’ എന്ന പദ്ധതിയുടെ ഭാഗമായി പിന്നാക്കാവസ്ഥയിലുള്ള ആളുകൾക്ക് പാർപ്പിടം നിർമിക്കുന്ന 13 രാജ്യങ്ങളെ പ്രതീകപ്പെടുത്തുന്ന 13 താക്കോലുകളും മാർപാപ്പ ആശീർവദിക്കും. വിൻസെൻഷ്യൻ സമൂഹത്തിന്റെ സംരംഭമായ ‘ഫാംവിൻ ഹോംലെസ് അലയൻസ്’ (എഫ്. എച്ച്. എ.) ആണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. ’13 വീടുകൾ’ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിക്കുന്ന രാജ്യങ്ങളിൽ സിറിയയും ഉൾപ്പെടുന്നു. അവർക്ക് പരിശുദ്ധ സിംഹാസനത്തിൽനിന്ന് ധനസഹായം നൽകും.
ഇറ്റാലിയൻ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പോൾ ആറാമൻ ഹാളിലാണ് 1300 പാവപ്പെട്ടവരുമൊന്നിച്ച് ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിക്കുന്നത്. കോൺഗ്രിഗേഷൻ ഓഫ് മിഷൻ (വിൻസെൻഷ്യൻ ഫാദേഴ്‌സ്) സംഭാവന ചെയ്യുന്ന ഭക്ഷണവും ശുചിത്വ ഉൽപന്നങ്ങളുമുള്ള ഒരു ബാക്ക്‌പാക്കും അവിടെ എത്തുന്ന ഓരോ അംഗത്തിനും ലഭിക്കും.
ആവശ്യമുള്ളവർക്ക് റോമിലെ ‘മദർ ഓഫ് മേഴ്‌സി’ ക്ലിനിക്, സൗജന്യ ആരോഗ്യസംരക്ഷണവും നൽകും. നവംബർ 11 മുതൽ 16 വരെ ഈ ക്ലിനിക്ക് സഹായങ്ങൾ നൽകും. ഓൺ-കോൾ മെഡിക്കൽ സേവനങ്ങളും കാർഡിയോളജി, ദന്തചികിത്സ, സൈക്യാട്രി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സ്പെഷ്യാലിറ്റികളും സൗജന്യമായി ലഭ്യമാക്കും.