അസുഖബാധിതനായതിനെത്തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയതിനുശേഷം അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് കടന്നുവന്നു. ഏപ്രിൽ ആറ്, ഞായറാഴ്ചയായിരുന്നു രോഗികളുടെ ജൂബിലി ആഘോഷത്തിനായി എത്തിച്ചേർന്ന വിശ്വാസികളുടെ മുൻപാകെ പരിശുദ്ധ പിതാവ് എത്തിയത്.
നിലവിൽ വത്തിക്കാനിലാണെങ്കിലും ചികിത്സ തുടരുന്ന പാപ്പ, രോഗബാധിതനായ ഈ സമയത്ത്, താൻ ദൈവത്തിന്റെ ‘സ്‌നേഹനിർഭരമായ ലാളന’ അനുഭവിക്കുന്നുണ്ടെന്നും മെഡിക്കൽ ഓർഡറുകൾ പ്രകാരമാണ് പൊതുപരിപാടികൾ റദ്ദാക്കിയെന്നും പറഞ്ഞു.
നൂറുകണക്കിന് വിശ്വാസികൾ ഒത്തുകൂടിയ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരിശുദ്ധ പിതാവ് രാവിലെ 11.45 ഓടെ (പ്രാദേശിക സമയം) എത്തി. അവർ പാപ്പയെ വളരെ ആഹ്ളാദത്തോടെ സ്വീകരിച്ചു. “എന്റെ പ്രിയപ്പെട്ടവരേ, എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തെപ്പോലെ, ഇപ്പോൾ സുഖം പ്രാപിച്ചപ്പോഴും ഞാൻ ദൈവത്തിന്റെ സ്‌നേഹനിർഭരമായ ലാളനയും പരിപാലനവും അനുഭവിക്കുന്നു” – ആഞ്ചലൂസ് പ്രാർഥനയ്ക്കായി തയ്യാറാക്കിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു. വീൽചെയറിലിരുന്ന് ശ്വസനയന്ത്രത്തിന്റെ സഹായത്തോടെയാണ് പാപ്പ എത്തിയത്.