Monday, November 25, 2024

ബെയ്‌റൂട്ട് സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ഫ്രാന്‍സിസ് പാപ്പ

2020 ആഗസ്റ്റ് നാലിന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന് തന്റെ സന്ദേശത്തിനിടെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. സ്ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ഥിച്ചുവെന്നും തന്റെ പ്രാര്‍ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പ വെളിപ്പെടുത്തി.

ലെബനനിലെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥകളും പാപ്പ എടുത്തുപറഞ്ഞു. സ്ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തിയെയും സ്വര്‍ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും ഇന്ന് സ്വര്‍ഗത്തില്‍നിന്നും അവര്‍ ലെബനന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ കണ്ടുകൊണ്ട് നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. പരസ്പരവിരുദ്ധമായ ശക്തികളും താല്പര്യങ്ങളും ഉടലെടുക്കുന്ന ലെബനന്‍സമൂഹത്തില്‍ സത്യവും നീതിയും എല്ലാറ്റിനുംമേല്‍ ആധിപത്യം പുലര്‍ത്തണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

‘ലെബനനിലും പലസ്തീനിലും ഇസ്രായേലിലും യുദ്ധം കാരണം ഓരോ ദിവസവും നിരവധി നിരപരാധികള്‍ മരിക്കുന്നതു കാണുന്നതിന്റെ വേദന അവരോടൊപ്പം ഞാനും അനുഭവിക്കുന്നു. യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്; രാഷ്ട്രീയത്തിന്റെ പരാജയമാണ്, മാനവികതയുടെ പരാജയമാണ്, ലജ്ജാകരമായ കീഴടങ്ങലാണ്’ – ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തി. വ്യത്യസ്ത സമുദായങ്ങള്‍ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന, പ്രത്യേക നേട്ടങ്ങള്‍ക്കുമുന്നില്‍ പൊതുനന്മയ്ക്കു പ്രാധാന്യം നല്‍കുന്ന സാഹോദര്യത്തിന്റെ നാടാണ് ലെബനന്‍ എന്നും പാപ്പ എടുത്തുപറഞ്ഞു. അതിനാല്‍, നിരാശപ്പെടാതെ ദൈവത്തിലുള്ള പ്രത്യാശയില്‍ മുമ്പോട്ടുപോകാന്‍ പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. തന്റെ പ്രാര്‍ഥനകളില്‍ എപ്പോഴും ലെബനന്‍ ജനതയുണ്ടാകുമെന്ന ഉറപ്പും പാപ്പ നല്‍കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

 

Latest News