Friday, April 4, 2025

മാര്‍പാപ്പ ആരേയും മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; പാപ്പായുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വത്തിക്കാന്‍

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ എന്ന രീതിയില്‍ വിവാദമായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇറ്റാലിയന്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനത്തില്‍, സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ സെമിനാരികളിലോ പൗരോഹിത്യ കോളേജുകളിലോ പരസ്യമായി പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയതിന് പിന്നാലെ, മാര്‍പാപ്പയുടെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘മാര്‍പാപ്പ ഒരിക്കലും സ്വവര്‍ഗാനുരാഗികളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പദപ്രയോഗത്തില്‍ അസ്വസ്ഥത തോന്നിയവരോട് അദ്ദേഹം ക്ഷമാപണം നടത്തുന്നു. സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. ആരും ഉപയോഗശൂന്യരല്ല. ആര്‍ക്കും അധിക പരിഗണനയുമില്ല. എല്ലാവരും ഒരുപോലെയാണെന്ന് മാര്‍പാപ്പ പല തവണ വ്യക്തമാക്കിയിട്ടുണ്ട്’. വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പദപ്രയോഗം നടത്തിയതായി വത്തിക്കാന്‍ കണ്ടെത്തിയിട്ടില്ല. പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം എന്ന നിലയിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

എല്‍ജിബിടിക്യുഐഎ+ വിഷയങ്ങളില്‍ പുരോഗമനാത്മക നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന് വിലയിരുത്തി വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പള്ളികളില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തരുത് എന്നതടക്കമുള്ള നിലപാടുകള്‍ അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോട് സഹാനൂഭൂതി പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ സഭകളോട് ആവശ്യപ്പെട്ടിരുന്നു.

Latest News