സഭയുടെ ചരിത്രത്തിലാദ്യമായി ജയിലിൽ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ റെബീബിയയിലുള്ള ജയിലിലാണ് പാപ്പ വിശുദ്ധ വാതിൽ തുറന്നിരിക്കുന്നത്. സഭയിലെ പ്രഥമ രക്തസാക്ഷിയായ വി. സ്റ്റീഫന്റെ തിരുനാൾദിനത്തിൽ, ഡിസംബർ 26 നാണ് ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള ജയിലിന്റെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്.
ഡിസംബർ 26 രാവിലെ, പ്രാദേശിക സമയം ഒമ്പതു മണിക്കാണ് പാപ്പ വിശുദ്ധ വാതിൽ തുറന്നത്; തുടർന്ന് വിശുദ്ധ ബലിയർപ്പിച്ചു. വിശുദ്ധ വാതിൽ തുറന്നതിന്റെ അർഥം, പ്രതീകാത്മകത എന്നിവ വിശദീകരിച്ച പാപ്പ ‘ഹൃദയം തുറക്കുക’ എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും അതാണ് സാഹോദര്യം ഉളവാക്കുന്നതെന്നും പറഞ്ഞു. അടഞ്ഞ കഠിനഹൃദയങ്ങൾ ജീവിതത്തിന് സഹായകിമല്ലെന്നു പ്രസ്താവിച്ച പാപ്പ, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്ക് ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു.
മോശമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് എല്ലാം കഴിഞ്ഞെന്നു വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ലെന്നും എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. നമ്മുടെ ഹൃദയത്തിന്റെ വാതിൽ എപ്പോഴും മലർക്കെ തുറന്നിടലാണെന്ന് അനുസ്മരിച്ച പാപ്പ, പ്രത്യാശയെ മുറുകെപ്പിടിക്കണമെന്ന് ഓർമിപ്പിച്ചു.
ഡിസംബർ 24 ന് വി. പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നതോടെയാണ് ജൂബിലിവത്സരത്തിന് തുടക്കമായത്. ഇനി റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ, അതായത് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29 നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിൽ 2025 ജനുവരി ഒന്നിനും റോമിനു വെളിയിലുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ജനുവരി അഞ്ചിനുമായിരിക്കും തുറക്കപ്പെടുക.
കടപ്പാട്: വത്തിക്കാൻ ന്യൂസ്