ആരോഗ്യപ്രശ്നങ്ങളാൽ ഇരുപതാം ദിവസവും ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിലും വിഭൂതിദിന ചടങ്ങുകളിൽ പങ്കുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. മാർച്ച് അഞ്ചിനാണ് ജെമേല്ലി ആശുപത്രിയുടെ പത്താം നിലയിലുള്ള തന്റെ മുറിയിൽനിന്ന് വലിയ നോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ ഫ്രാൻസിസ് പാപ്പ പങ്കെടുത്തതെന്ന് വത്തിക്കാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും കുറച്ചു സമയം അദ്ദേഹം കസേരയിൽ ചെലവഴിച്ചുവെന്നും കാർമ്മികൻ പാപ്പയുടെ ശിരസ്സിൽ ചാരം പൂശുകയും അദ്ദേഹത്തിന് പരിശുദ്ധ കുർബാന നൽകുകയും ചെയ്തു എന്നും വത്തിക്കാൻ പങ്കുവച്ചു. അതേസമയം, മാർച്ച് അഞ്ചിന് ഗാസയിലെ തിരുക്കുടുംബ ദൈവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുമായി ഫ്രാൻസിസ് പാപ്പ ഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു.
ഫെബ്രുവരി 14 ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോടെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പ 20 ദിവസങ്ങളായി ആശുപത്രിയിൽ തുടരുകയാണ്.