ചൈനീസ് കത്തോലിക്കര്‍ക്ക് ‘പ്രത്യാശയുടെ സന്ദേശം’ പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജെസ്യൂട്ട് സമൂഹത്തിന്റെ ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാദര്‍ പെഡ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തില്‍, ചൈനയിലേയ്ക്ക് ഒരു അപ്പസ്‌തോലിക സന്ദര്‍ശനം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. ഓഗസ്റ്റ് ഒമ്പതിന് പുറത്തിറക്കിയ അഭിമുഖത്തില്‍ ചൈനയിലെ ഷാങ്ഹായിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്കയും രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാന്‍ പാപ്പ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
”ചൈനീസ് ജനത തീര്‍ച്ചയായും വിശ്വസ്തരായ ഒരു ജനതയാണ്. അവര്‍ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തരായി തുടരുന്നു. ചൈനീസ് ജനത ഒരു മഹത്തായ പൈതൃകം പിന്തുടരുന്നവരാണ്. ഈ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത് കൈമാറുകയും ചെയ്യുക.’ മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
”ആത്മീയ വ്യായാമങ്ങളിലൂടെയും വിവേചനത്തിലൂടെയും ദൈവത്തിലേക്കുള്ള വഴി കാണിക്കുക. അനുരഞ്ജനത്തിന്റെയും നീതിയുടെയും ദൗത്യത്തില്‍ പാവങ്ങളോടൊപ്പം നടക്കുക. ഒപ്പം പ്രതീക്ഷകള്‍ നിറഞ്ഞ ഭാവി സൃഷ്ടിക്കുന്നതില്‍ യുവജനങ്ങളെ അനുഗമിക്കുകയും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുകയും ചെയ്യുക.’ ജെസ്യൂട്ട് സന്യാസ സമൂഹത്തില്‍പ്പെട്ട മാര്‍പാപ്പ ചൈനയിലെ ഈശോസഭയിലെ വൈദികരോട് പറഞ്ഞു.