തെക്കൻ ഇറ്റലിയിലെ പുഗ്ലിയ മേഖലയിൽ നിന്നുള്ള പരമ്പരാഗത പാസ്തയായ ‘ഒറെച്ചിയെറ്റ്’ ഉണ്ടാക്കുന്ന ഇറ്റാലിയൻ വനിത നൻസിയയ്ക്ക് കത്തയച്ച് ഫ്രാൻസിസ് മാർപാപ്പ. പരമ്പരാഗത രീതിയിലുള്ള ഈ പാസ്തയെ സജീവമായി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടാൻ ഫ്രാൻസിസ് മാർപാപ്പ നൽകിയ പ്രോത്സാഹനത്തിൽ അഭിമാനമുണ്ടെന്ന് നൻസിയ വെളിപ്പെടുത്തി.
“എനിക്ക് വത്തിക്കാനിൽനിന്ന് ഒരു കത്ത് ലഭിച്ചു. ഈ പ്രത്യേകതരം പാസ്തയുണ്ടാക്കുന്ന രീതി ഞാൻ സജീവമായി നിലനിർത്തുന്നു. അത് മാറ്റിവയ്ക്കാൻ കഴിയില്ല. മാർപാപ്പയുടെ വാക്കുകൾ എനിക്ക് ശക്തി നൽകി. നന്ദി, പാപ്പ. പഴയകാലത്ത് ഉണ്ടാക്കിയതുപോലെ, എല്ലായ്പ്പോഴും ഉണ്ടാക്കേണ്ടതുപോലെ, അങ്ങേയ്ക്കായി പാൻസെറോട്ടി (ഒരുതരം പലഹാരം) തയ്യാറാക്കുന്നതിനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്” – നൻസിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വത്തിക്കാനിലെ ഒരു പൊതുസദസ്സിനുശേഷം പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും നൻസിയ സന്തോഷത്തോടെ അനുസ്മരിക്കുന്നു.
ചെവിയെ അനുസ്മരിപ്പിക്കുന്ന ആകൃതി കാരണം സ്പാനിഷിൽ ഈ പാസ്തയുടെ പേരിന്റെ അർഥം ‘ചെറിയ ചെവികൾ’ എന്നാണ്. റവ, ഗോതമ്പ്, വെള്ളം എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന പ്രത്യേകതരം പാസ്തയാണിത്. ഈ ഇറ്റാലിയൻ വിഭവം സംരക്ഷിക്കുന്ന പ്രധാന സംരക്ഷകരിൽ ഒരാളായി നൻസിയ മാറി. ഇതിനകം അറുപതിനായിരത്തിലധികം ഫോളോവേഴ്സുള്ള അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രശസ്തമായ ഒറെച്ചിയെറ്റ് ശരിയായി നിർമിക്കുന്നതിനുള്ള പാചകക്കുറിപ്പുകളും പങ്കിടുന്നു. അങ്ങനെ ആ നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യഭക്ഷണങ്ങളിൽ ഒന്ന് നിലനിർത്തുകയാണ്.