ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ 11 രാജ്യങ്ങളുടെ തലവന്മാർക്ക് ടെലഗ്രാം സന്ദേശത്തിലൂടെ പ്രാർഥനയും ആശംസകളും അയച്ച് ഫ്രാൻസിസ് പാപ്പ. റോമിൽനിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ്, ഓരോ രാജ്യത്തിന്റെയും മുകളിലൂടെ കടന്നുപോകവെ പാപ്പ ഈ സന്ദേശം അയച്ചത്. വിദേശ ഇടയസന്ദർശനവേളകളിലെല്ലാം എതെങ്കിലും രാജ്യത്തിന്റെ മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ ആ നാടിന്റെ തലവന് പാപ്പ ഇപ്രകാരം സന്ദേശമയയ്ക്കുക പതിവാണ്.
‘സർവശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെ’ – പാപ്പ സന്ദേശത്തിൽ കുറിച്ചു. സെപ്റ്റംബർ രണ്ടിന് 45-ാം അപ്പസ്തോലിക പര്യടനത്തിനു തുടക്കം കുറിച്ച ഫ്രാൻസിസ് പാപ്പ, റോമിൽനിന്ന് അപ്പസ്തോലിക സന്ദർശനത്തിന്റെ പ്രഥമവേദിയായ ഇന്തോനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയിൽ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെയാണ് ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ടെലഗ്രാം സന്ദേശം അയച്ചത്. രാഷ്ട്രപതിക്കും ഭാരതജനതയ്ക്കും പാപ്പ ആശംസകൾ നേരുകയും ചെയ്തു.
ഇന്ത്യയ്ക്കുപുറമെ ഇറ്റലി, ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവീന, സെർബിയ, ബൾഗറി, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ, മലേഷ്യ എന്നീ നാടുകളിലേക്കും പാപ്പ സന്ദേശമയച്ചു. ഇന്തോനേഷ്യയുടെ മുകളിലൂടെ വിമാനം പറന്നെങ്കിലും അത് ആതിഥേയരാഷ്ട്രമായതിനാൽ പാപ്പ സന്ദേശം അയച്ചില്ല. സാഹോദര്യത്താലും സമാധാനത്താലും പാക്കിസ്ഥാൻ അനുഗ്രഹീതമാകട്ടെയെന്ന് അന്നാടിന്റെ രാഷ്ട്രത്തലവൻ ആസിഫ് അലി ത്സർദാരിക്കയച്ച ടെലഗ്രാം സന്ദേശത്തിൽ പാപ്പ പ്രാർഥിച്ചു. സർവശക്തൻ സമാധാനമെന്ന ദാനത്താൽ ഇറാനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെത്സെഷ്കിയാന് അയച്ച സന്ദേശത്തിൽ പാപ്പ ആശംസിക്കുന്നു.
സെപ്റ്റംബർ രണ്ടു മുതൽ 13 വരെയാണ് പാപ്പായുടെ 45-ാമത് അപ്പസ്തോലിക സന്ദർശനം. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ പാപ്പ സന്ദർശനം നടത്തും.