നിഖ്യാ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം തുര്‍ക്കി സന്ദര്‍ശിക്കാനിടയുണ്ടെന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് ബാര്‍ത്തലോമിയോ പങ്കുവച്ചു. മെയ് 16 ന് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യാത്രാ പദ്ധതികളൊന്നും പരിശുദ്ധ സിംഹാസനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഓര്‍ത്തഡോക്‌സ് ടൈംസ് അനുസരിച്ച്, സന്ദര്‍ശനം സംഘടിപ്പിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയാണെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായിരുന്നു നിഖ്യാ കൗണ്‍സില്‍. ഈ സുപ്രധാന വാര്‍ഷികം സംയുക്തമായി ആഘോഷിക്കാന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചതായി പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പറഞ്ഞു.
മുന്‍ റോമന്‍ സാമ്രാജ്യത്തിലെ പുരാതന നഗരമായ നിഖ്യായില്‍ എഡി 325 ലാണ് കൗണ്‍സില്‍ നടന്നത്. സഭയിലെ കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയും ആദിമ സഭാ കൗണ്‍സിലുകളുടെ സാധുത അംഗീകരിക്കുന്ന മറ്റ് ക്രിസ്ത്യന്‍ സമൂഹങ്ങളും ഈ കൗണ്‍സില്‍ അംഗീകരിക്കുന്നു.