Friday, April 4, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ചികിത്സകൾ തുടരുന്നു; ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടു

വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ ചികിത്സയോടുകൂടിയ വിശ്രമത്തിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുണ്ടെന്നും അറിയിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ്. എല്ലാ ദിവസവും ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായി പങ്കെടുക്കുന്നുണ്ടെന്നും ശ്വാസകോശപ്രശ്‌നങ്ങൾ കുറഞ്ഞുവരുന്നതായി രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്‌റേയിലും വ്യക്തമായി. വിശുദ്ധവാര കർമ്മങ്ങളിൽ പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.

പാപ്പയുടെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ, ശ്വസനം, ശബ്ദം, ചലനം എന്നീ മേഖലകളിൽ ചെറിയ പുരോഗതിയുണ്ടെന്നു വ്യക്തമായെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഏപ്രിൽ ഒന്നിന് അറിയിച്ചു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് റോമിലെ പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പ മാർച്ച് 23 ഞായറാഴ്ചയായിരുന്നു വത്തിക്കാനിൽ തിരികെയെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്റേയിലും പാപ്പയുടെ ശ്വാസകോശ അണുബാധയിൽ കുറവ് വന്നെന്നു വ്യക്തമായതായി പ്രസ്സ് ഓഫീസ് വിശദീകരിച്ചു. എന്നാൽ ആശുപത്രിയിലെന്നപോലെ, പാപ്പയ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകുന്നത് രാത്രിയിലും അത്യാവശ്യഘട്ടങ്ങളിലും തുടരുന്നുണ്ടെന്നും എന്നാൽ പകൽസമയങ്ങളിൽ സാധാരണയായി ചെറിയ തോതിൽ മാത്രമാണ് പാപ്പയ്ക്ക് ഓക്സിജൻ നൽകുന്നതെന്നും അത് തുടർച്ചയായി നൽകേണ്ടിവരുന്നില്ലെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.

ജെമെല്ലി ആശുപത്രിയിൽവച്ച് ആരംഭിച്ച ശ്വാസകോശ, ചലനസംബന്ധികളായ ഫിസിയോ തെറാപ്പികൾ തുടരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു മേഖലകളിലും പുരോഗതിയുണ്ടെന്നും പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു. ആശുപത്രിയിൽ 38 ദിവസങ്ങൾ നീണ്ട ചികിത്സയുടെ അവസരത്തിൽ ഡോക്ടർമാർ അറിയിച്ചിരുന്നതുപോലെ, ന്യുമോണിയ ബാധയുടെ ഭാഗമായി പാപ്പയുടെ ശബ്ദത്തിലുണ്ടായിരുന്ന പ്രശ്നങ്ങളും നിലവിൽ കുറഞ്ഞുവരുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.

പാപ്പയുടെ ചലനശേഷിയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച പ്രസ്സ് ഓഫീസ്, മറ്റുളളവരുടെ സഹായത്തോടെ ഫ്രാൻസിസ് പാപ്പയ്ക്ക് കസേരയിൽ ഇരിക്കാനാകുന്നുണ്ടെന്നും സാധാരണ രീതിയിൽ ജോലികളിൽ ഏർപ്പെടാനാകുന്നുണ്ടെന്നും വിശദീകരിച്ചു. വത്തിക്കാൻ കൂരിയയിലെ വിവിധ ഡികാസ്റ്ററികളിൽ നിന്നെത്തുന്ന രേഖകളിൽ പാപ്പ ഒപ്പിടുന്നുണ്ടെന്നും പ്രസ്സ് ഓഫീസ് കൂട്ടിച്ചേർത്തു.

എല്ലാ ദിവസവും രാവിലെ പാപ്പ സാന്താ മാർത്ത ഭവനത്തിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിൽ സഹകാർമ്മികനായി പങ്കെടുക്കുന്നുണ്ടെന്ന് പ്രസ്സ് ഓഫീസ് അറിയിച്ചു. എന്നാൽ, നിലവിൽ പാപ്പ പുറത്തുനിന്നുള്ള ആർക്കും കൂടിക്കാഴ്ച അനുവദിക്കുന്നില്ലെന്നു വ്യക്തമാക്കി. വത്തിക്കാനിലെയും ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകരും പ്രൈവറ്റ് സെക്രെട്ടറിമാരുൾപ്പെടെയുള്ള പാപ്പയുടെ അടുത്ത ശുശ്രൂഷകർ അദ്ദേഹത്തെ സഹായിക്കാനുണ്ടെന്നും പ്രസ്സ് ഓഫീസ് കൂട്ടിച്ചേർത്തു.

പാപ്പയ്ക്ക് നിരവധി പ്രദേശങ്ങളിൽനിന്നുള്ള ആളുകളിൽനിന്ന് സന്ദേശങ്ങളും കത്തുകളും സമ്മാനങ്ങളും എത്തുന്നുണ്ടെന്നും പാപ്പ സന്തോഷവാനായിരിക്കുന്നെന്നും പ്രസ്സ് ഓഫീസ് അറിയിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News