Tuesday, December 3, 2024

ഫ്രാന്‍സിസ് പാപ്പയുടെ ബെല്‍ജിയം, ലക്‌സംബര്‍ഗ് യാത്രകളുടെ ആപ്തവാക്യവും അടയാളചിഹ്നവും പ്രസിദ്ധീകരിച്ചു

സെപ്റ്റംബര്‍ 26-ന് ലക്‌സംബര്‍ഗിലും 26 മുതല്‍ 29 വരെ ബെല്‍ജിയത്തിലും ഫ്രാന്‍സിസ് പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ആപ്തവാക്യവും അടയാളചിഹ്നവും പ്രസിദ്ധീകരിച്ചു. ലക്‌സംബര്‍ഗിലേക്കുള്ള അപ്പസ്‌തോലികയാത്രയുടെ അടയാളചിഹ്നത്തില്‍ ആശീര്‍വാദം നല്‍കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍, നോത്ര ഡാം കത്തീഡ്രലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വെള്ളയും മഞ്ഞയും ഇടകലര്‍ന്ന നിറക്കൂട്ട് വത്തിക്കാന്റെ പതാകയെ ചിത്രീകരിക്കുന്നുവെങ്കില്‍ അവയ്ക്കിടയിലുള്ള നീലനിറം ലക്‌സംബര്‍ഗ് കത്തോലിക്കാ വിശ്വാസത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ മരിയന്‍വണക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘സേവിക്കപ്പെടാനല്ല, സേവിക്കാനാണ്’ ഞാന്‍ വന്നിരിക്കുന്നതെന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ‘സേവിക്കുക’ എന്നതാണ് യാത്രയുടെ ആപ്തവാക്യം. മാനവികതയുടെ സേവനത്തില്‍ ഏര്‍പ്പെടാനുള്ള ക്രിസ്തുവിന്റെ വിളിയും ഈ ആപ്തവാക്യം ഓര്‍മ്മിപ്പിക്കുന്നു.

ബെല്‍ജിയത്തിലേക്കുള്ള അപ്പസ്‌തോലികയാത്രയുടെ അടയാളചിഹ്നം, രാഷ്ട്രത്തിന്റെ ഭൂപടം പശ്ചാത്തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത പ്രായത്തിലും വിവിധ സംസ്‌കാരങ്ങളിലും ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂപടത്തിന്റെ നടുവില്‍ ചിത്രീകരിച്ചിരിക്കുന്ന വഴിയിലൂടെ ഈ ആളുകളെല്ലാം നടന്നു നീങ്ങുന്നു. ‘പാതയില്‍: പ്രത്യാശയോടെ’ എന്നതാണ് യാത്രയുടെ ആപ്തവാക്യം. രാജ്യത്തിന്റെ ചരിത്രമായ പാതയില്‍ യേശുക്രിസ്തുവിന്റെ വഴി, നമ്മുടെ പ്രത്യാശയായിരിക്കട്ടെ എന്നതാണ് യാത്രയുടെ സന്ദേശം.

 

Latest News