Tuesday, January 21, 2025

ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം

ജൂബിലി വർഷമായ 2025 ലെ ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം പ്രസിദ്ധീകരിച്ചു. ‘ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു പൊറുക്കേണമേ; നിന്റെ സമാധാനം ഞങ്ങൾക്കു നൽകേണമേ’ എന്നതാണ് ഈ ദിനാചരണത്തിന്റെ വിചിന്തനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ വർഷവും ദൈവമാതാവിന്റെ തിരുനാൾദിനമായ ജനുവരി ഒന്നിനാണ് ആഗോള കത്തോലിക്കാ സഭ ലോക സമാധാനദിനമായി ആചരിക്കുന്നത്.

ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം ഡിസംബർ 12 ന് വത്തിക്കാനിലെ പ്രസ്സ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രകാശിതമായി. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ അധ്യക്ഷൻ (പ്രീഫെക്ട്) കർദിനാൾ മൈക്കിൾ ചേർണി, കാത്തലിക്ക് മൊബിലൈസിംഗ് നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസാൻ വൈലൻകോർട്ട് മർഫി, എഞ്ചിനീയർ വീത്തൊ അൽഫിയേരി ഫൊന്താന എന്നിവർ വാർത്താസമ്മേളനത്തിനിടെ ഈ സന്ദേശത്തിന്റെ ഉള്ളടക്കം മാധ്യമപ്രവർത്തകർക്കായി നൽകി.

ചില സർക്കാരുകളും സമ്പന്നനാടുകളിലെ ചില സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളും പാവപ്പെട്ട നാടുകളുടെ മാനുഷികവിഭവങ്ങളും പ്രകൃതിവിഭവങ്ങളും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി വിദേശകടത്തെ മാറ്റുന്നുണ്ടെന്ന് ലോക സമാധാനദിന സന്ദേശത്തിൽ പാപ്പ ആവർത്തിച്ചു. പാരിസ്ഥിതിക കടവും വിദേശകടവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അത് കടപ്രതിസന്ധിയിൽ കലാശിക്കുന്നുവെന്നും പാപ്പ പറയുന്നു. ഇത് ഐക്യദാർഢ്യത്തിനായുള്ള എന്നാൽ, എല്ലാറ്റിനുമുപരിയായി നീതിക്കുവേണ്ടിയുള്ള അഭ്യർഥനയാണെന്ന് പാപ്പ വ്യക്തമാക്കുന്നു.

2025 സമാധാനം സംവർധകമാകുന്ന ഒരു വർഷമാകട്ടെ എന്ന് ആശംസിച്ച പാപ്പ, കരാറുകളുടെ കുത്തൊഴുക്കുകളിലോ, മാനുഷികമായ വിട്ടുവീഴ്ചകളുടെ മേശകളിലോ നിലച്ചുപോകാത്ത യഥാർഥവും ശാശ്വതവുമായ ഒരു സമാധാനമാണ് വിവക്ഷിക്കുന്നതെന്നും വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News