ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ ആഗ്രഹപ്രകാരം റോമിലെ മരിയ മജോറ ബസിലിക്കയിൽ ആണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചത്; അദ്ദേഹത്തിന്റെ മുൻഗാമികളെപ്പോലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലല്ല. ഇതിനു മുൻപ് ഏഴു മാർപാപ്പാമാരെ മരിയ മജോറ ബസിലിക്കയിൽ സംസ്ക്കരിച്ചിട്ടുണ്ട്. ഇവിടെ സംസ്ക്കരിക്കപ്പെടുന്ന എട്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ.
റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് സാന്താ മരിയ മജോരെ അഥവാ മേരി മേജർ ബസിലിക്ക. എ.ഡി. 352-ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്.
വത്തിക്കാന് പുറത്ത് സംസ്‌കരിക്കപ്പെട്ട അവസാന പോപ്പ് 1903-ൽ ലിയോ പതിമൂന്നാമൻ പോപ്പ് ആയിരുന്നു, സെന്റ് ജോൺ ലാറ്ററൻ ആർച്ച്ബസിലിക്കയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. ലിയോയുടെ മുൻഗാമിയായ, വാഴ്ത്തപ്പെട്ട പയസ് ഒമ്പതാമൻ, സെന്റ് ലോറൻസ് ഔട്ട്‌സൈഡ് ദി വാൾസിൽ സംസ്‌കരിക്കപ്പെട്ടു.
പാപ്പാ ആയതിനുശേഷം ഫ്രാൻസിസ് മാർപാപ്പ 100-ലധികം തവണ ഇവിടെ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഓരോ വിദേശ യാത്രയ്ക്ക് മുൻപും പിൻപും അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിക്കുമായിരുന്നു .
ഏഴ് പാപ്പമാർക്കൊപ്പം എട്ടാമനായാണ് ഫ്രാൻസിസ് മാർപാപ്പ അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. അവരിൽ ഒരാൾ, പയസ് അഞ്ചാമൻ വിശുദ്ധനാണ്.
മരിയ മജോറയിൽ അന്ത്യവിശ്രമം കൊള്ളുന്ന പാപ്പമാർ ഇവരൊക്കെയാണ്:
1. പോപ്പ് ഹോണോറിയസ് മൂന്നാമൻ (1150–1227)
2. നിക്കോളാസ് നാലാമൻ പോപ്പ് (1227–1292)
3. വിശുദ്ധ പയസ് അഞ്ചാമൻ (1504-1572)
4. പോപ്പ് സിക്‌സ്റ്റസ് അഞ്ചാമൻ (1521–1590)
5. പോപ്പ് ക്ലെമന്റ് എട്ടാമൻ (1536–1605)
6. പോപ്പ് പോൾ അഞ്ചാമൻ (1550–1621)
7. പോപ്പ് ക്ലെമന്റ് ഒൻപതാമൻ (1600–1669)