2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21 ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച പ്രാദേശിക സമയം 7.35 ന് ഇഹലോകവാസം വെടിഞ്ഞു സ്വർഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽനിന്നും വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്കെത്തിച്ച ഫ്രാൻസിസ് പാപ്പായുടെ ഭൗതികദേഹം അവസാനമായി കാണുവാൻ വത്തിക്കാനിലേക്ക് എത്തിയത് ജനലക്ഷങ്ങളാണ്. ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണി വരെയായിരുന്നു പൊതുദർശനം ഉണ്ടായിരുന്നത്.
പാപ്പയെ അവസാനമായി ഒരുനോക്ക് കാണുവാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനലക്ഷങ്ങളാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തിയത്. വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം നടന്ന പ്രാർഥനാ ചടങ്ങുകളോടെ ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെട്ടു. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകി. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 11 മണി മുതൽ, ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണി വരെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് എത്തിച്ചേർന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പപ്പയുടെ അന്തിമ ചടങ്ങുകളിൽ സംബന്ധിക്കാൻ എത്തിയിരുന്നു.
ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുടെ ഭാഗമായയുള്ള വിശുദ്ധ കുർബാന വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെട്ടു. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജോവാന്നി ബാത്തിസ്ത്ത റേ ആയിരുന്നു വിശുദ്ധ ബലിയിൽ മുഖ്യ കാർമികത്വം വഹിച്ചത്.
തുടർന്ന് ഫ്രാൻസിസ് പപ്പയുടെ ആഗ്രഹപ്രകാരം മരിയ മജോറ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും (‘സാലുസ് പോപ്പുലി റൊമാനി’ എന്ന പരിശുദ്ധമാതാവിന്റെ തിരുച്ചിത്രം പ്രതിഷ്ഠിച്ചിട്ടുള്ള ചാപ്പല്‍) സ്‌ഫോര്‍സ ചാപ്പലിനും ഇടയിലുള്ള ഇടനാഴിയില്‍ അദ്ദേഹത്തെ സംസ്‌ക്കരിച്ചു.
മരണത്തിലൂടെ അവസാനിക്കുന്നതല്ല ഫ്രാൻസിസ് പാപ്പാ പകർന്ന ചൈതന്യം. മഹാനായ ഫ്രാൻസിസ് പാപ്പ ഇനി ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്.