ഫ്രാന്‍സിസ് പാപ്പായുടെ കനേഡിയന്‍ അപ്പോസ്‌തോലിക യാത്ര നാല് ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. നാലാം ദിവസമായ ജൂലൈ 27- ന് പാപ്പാ എഡ്മണ്‍ടണ്‍ നഗരത്തില്‍ നിന്ന് ക്യുബെക് നഗരത്തിലേക്ക് പോയി. ‘അനുതാപ തീര്‍ത്ഥാടനം’ എന്ന് അറിയപ്പെടുന്ന ഈ അപ്പോസ്‌തോലിക യാത്രയുടെ പ്രധാന കൂടിക്കാഴ്ചകള്‍ നടന്ന ദിവസമായിരുന്നു ജൂലൈ 27.
എഡ്മണ്‍ടണ്‍ നഗരത്തോട് സമ്മാനം നല്‍കി യാത്ര പറഞ്ഞ് പാപ്പാ
ജൂലൈ 27- ന് രാവിലെ ഫ്രാന്‍സിസ് പാപ്പാ എഡ്മണ്‍ടണ്‍ നഗരത്തില്‍ നിന്ന് ക്യുബെക് നഗരത്തിലേക്ക് വിമാനത്തില്‍ യാത്ര പുറപ്പെട്ടു. എഡ്മണ്‍ടണ്‍ നഗരത്തില്‍ പാപ്പാ താമസിച്ചിരുന്നത് സെന്റ് ജോസഫ് സെമിനാരിയിലാണ്. അവിടെ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സെമിനാരിയില്‍ തന്നെ സ്വീകരിച്ചവര്‍ക്ക് പാപ്പാ ഒരു സമ്മാനം നല്‍കി. നസ്രത്തിലെ തിരുകുടുംബത്തിന്റെ സംരക്ഷകനായ വി. ജോസഫിന്റെ ഒരു മനോഹര ചിത്രം. യൗസേപ്പിതാവ് വലത്തെ കയ്യില്‍ ഊന്നുവടിയും ഇടത്തെ കയ്യില്‍ ലോക രക്ഷകനായ ഉണ്ണിയേശുവിനെയും വഹിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്.
തുടര്‍ന്ന് പാപ്പാ എഡ്മന്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയും അവിടെ നിന്ന് ക്യൂബെക്കിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു. എഡ്മന്റനില്‍ നിന്ന് ക്യൂബെക്കിലേക്ക് നാല് മണിക്കൂര്‍ യാത്രയാണുള്ളത്. ജൂലൈ 29 വരെ പാപ്പാ ഈ നഗരത്തിലായിരിക്കും ചിലവഴിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പാപ്പാ
ക്യുബെക് നഗരത്തിലെത്തിയ പാപ്പാ അവിടെ നിന്ന് കാറില്‍ ആദ്യം പോയത് ഗവര്‍ണര്‍ ജനറലിന്റെ ഓഫീസിലേക്കാണ്. അവിടെ വച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഗവര്‍ണര്‍ ജനറലായ മേരി സൈമണും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അകത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബാന്‍ഡ് സെറ്റ് കനേഡിയന്‍ ആന്തവും പൊന്തിഫിക്കല്‍ ആന്തവും ആലപിച്ചു. തുടര്‍ന്ന് ഓഫീസില്‍ പ്രവേശിച്ച പാപ്പാ മേരി സൈമണുമായും കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ ജസ്റ്റിന്‍ ട്രൂഡോയുമായും സംസാരിച്ചു.
കൂടിക്കാഴ്ചകള്‍ക്കു ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തു. തുടര്‍ന്ന് ഓഫീസിലെ പ്രധാന മീറ്റിംഗ് റൂമിലേക്ക് മറ്റ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രവേശിച്ചു.
രാജ്യത്തെ പ്രധാന അധികാരികളും പ്രതിനിധികളുമായി കൂടിക്കാഴ്ച
ഗവര്‍ണര്‍ ജനറള്‍ ഹെഡ്‌സിക്വാര്‍ട്ടേഴ്‌സിലെ മീറ്റിംഗ് റൂമില്‍ സിവില്‍ അധികാരികള്‍, തദ്ദേശവാസികളുടെ പ്രതിനിധികള്‍, നയതന്ത്ര സേന എന്നിവരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ഈ അവസരത്തില്‍ പാപ്പാ പ്രസ്താവിച്ചു. കാനഡയിലെ തദ്ദേശീയ ജനങ്ങളുമായുള്ള ബന്ധം പുതുക്കാനുള്ള സഭയുടെ ആഗ്രഹം പ്രകടിപ്പിച്ചു പാപ്പാ. ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സമാധാനമില്ലായ്മ. എല്ലാവരും വയോധികരുടെ വാക്കുകള്‍ സ്വീകരിക്കണമെന്നും അവരുടെ ജീവിതാനുഭവങ്ങള്‍ മുറുകെപ്പിടിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് പാപ്പാ അന്നേ ദിവസം നടത്തിയ അവസാനത്തെ കൂടികാഴ്ചയായിരുന്നു ഇത്. ജുലൈ 28- ന് ക്യൂബെക്ക് നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആന്‍ ഡി ബ്യൂപ്രേയുടെ ദൈവാലയത്തില്‍ മാര്‍പാപ്പ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
ഐശ്വര്യ സെബാസ്റ്റ്യന്‍