Wednesday, May 14, 2025

റഷ്യ – യുക്രൈൻ യുദ്ധം: ലെയോ പതിനാലാമൻ മാർപാപ്പയും സെലെൻസ്‌കിയും ആദ്യമായി ഫോൺ സംഭാഷണം നടത്തിയതായി വത്തിക്കാൻ

രാജ്യത്ത് ശാശ്വതസമാധാനം സ്ഥാപിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർഥനയെത്തുടർന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പയും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഫോണിൽ സംസാരിച്ചതായി വത്തിക്കാൻ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ ഞായറാഴ്ചപ്രസംഗത്തിൽ പാപ്പ യുക്രൈനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, രണ്ടുപേരും ഫോണിൽ സംസാരിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി സ്ഥിരീകരിച്ചു.

കത്തോലിക്കാ സഭയുടെ പുതിയ തലവനായ ലെയോ പതിനാലാമൻ പാപ്പയുമായി ടെലിഫോൺ സംഭാഷണം നടത്തുന്നതായി പറയപ്പെടുന്ന ഒരു ഫോട്ടോ സെലെൻസ്‌കി എക്‌സിൽ പങ്കുവച്ചു. “ഞാൻ പോപ്പ് ലെയോ പതിനാലാമനുമായി സംസാരിച്ചു. ഇത് ഞങ്ങളുടെ ആദ്യസംഭാഷണമായിരുന്നു. ഈ സംഭാഷണം വളരെ ഊഷ്മളവും യഥാർഥത്തിൽ അർഥവത്തായതുമായ ഒന്നായിരുന്നു” – യുക്രേനിയൻ പ്രസിഡന്റ് എക്‌സിൽ എഴുതി. യുക്രൈനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പരിശുദ്ധ പിതാവിനോട് നന്ദിപ്രകടിപ്പിച്ച ശേഷം, റഷ്യ നാടുകടത്തിയ ആയിരക്കണക്കിനു കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് താനും പാപ്പയും പ്രത്യേകം ചർച്ച ചെയ്തതായും സെലെൻസ്‌കി പറഞ്ഞു.

“പ്രിയപ്പെട്ട യുക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകൾ ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു. എത്രയും വേഗം യഥാർഥവും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനം കൈവരിക്കാൻ സാധ്യമായതെല്ലാം നടക്കട്ടെ. എല്ലാ തടവുകാരെയും മോചിപ്പിക്കുകയും കുട്ടികൾ സ്വന്തം കുടുംബങ്ങളിലേക്കു മടങ്ങുകയും ചെയ്യട്ടെ” – ഏകദേശം ഒരുലക്ഷം ആളുകളോടൊപ്പം നടത്തിയ ‘സ്വർലോകരാജ്‌ഞി’ പ്രാർഥനയ്ക്കുശേഷം ലെയോ പാപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News