അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ജനറലായിരുന്ന കാലത്ത് രണ്ടുതവണ ഇന്ത്യ സന്ദർശിച്ച വ്യക്തിയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പ. 2004 ലും 2006 ലും കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ അഗസ്റ്റീനിയൻ സമൂഹങ്ങളിൽ അദ്ദേഹം സന്ദർശനത്തിനായി എത്തിയിരുന്നു.
2004 ലെ തന്റെ ആദ്യ ഇന്ത്യൻ സന്ദർശനവേളയിൽ അദ്ദേഹം കേരളത്തിലെ ആലുവയിലെ മരിയാപുരം, (വരാപ്പുഴ അതിരൂപത), ഇടക്കൊച്ചി (കൊച്ചി രൂപത) എന്നിവിടങ്ങളിലെ അഗസ്റ്റീനിയൻ ഭവനങ്ങളിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. മരിയാപുരത്തെ ക്രിസ്ത്യൻ സഹായറാണി ഇടവകയിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദൈവാലയത്തിലും അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. അതേവർഷം ഏപ്രിൽ 22 ന് കലൂരിലെ കതൃക്കടവിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ, അന്നത്തെ വരാപ്പുഴ ആർച്ച്ബിഷപ്പായിരുന്ന ദിവംഗതനായ ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലിനൊപ്പം ആറ് അഗസ്തീനിയൻ ഡീക്കന്മാരുടെ തിരുപ്പട്ട ശുശ്രൂഷയിലും ദിവ്യബലിയിലും അദ്ദേഹം പങ്കെടുത്തു.
2006 ഒക്ടോബർ മൂന്നു മുതൽ ആറു വരെയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനം. ആലുവയിൽ നടന്ന ഏഷ്യ-പസഫിക് ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ മീറ്റിംഗിൽ പങ്കെടുക്കാൻ അദ്ദേഹം മരിയാപുരത്തുള്ള അഗസ്തീനിയൻ ആശ്രമത്തിലേക്ക് വീണ്ടും എത്തി. അതേ വസതിയിൽ അദ്ദേഹം വീണ്ടും താമസിക്കുകയും പ്രാദേശിക ഇടവകയിൽ കുർബാന അർപ്പിക്കുകയും ചെയ്തു. ഈ യാത്രയ്ക്കിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂർ രൂപതയുടെ കീഴിലുള്ള അഗസ്തീനിയൻ വൈദികർ നടത്തുന്ന പൊള്ളാച്ചിയിലെ ഷെൻബാഗം സ്കൂളിലും അദ്ദേഹം ഒരു ഹ്രസ്വസന്ദർശനം നടത്തിയിട്ടുണ്ട്.