Monday, March 9, 2026

ലോകസമാധാനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനം

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന യുദ്ധഭീതിയിലും ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങളിലും ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

ഇറാനിൽ നിന്നും പശ്ചിമേഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന അക്രമത്തിന്റെയും നാശത്തിന്റെയും വാർത്തകൾ തന്നെ ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. വെറുപ്പും ഭീതിയും നിറഞ്ഞ ഈ അന്തരീക്ഷം ലോകസമാധാനത്തിന് വലിയ ഭീഷണിയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സംഘർഷം വ്യാപിക്കുന്നത് അയൽരാജ്യങ്ങളെ, പ്രത്യേകിച്ച് ലബനനെ വീണ്ടും അസ്ഥിരതയിലേക്ക് തള്ളിയിടുമോ എന്ന കാര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു. ലബനന്റെ സമാധാനം സംരക്ഷിക്കപ്പെടേണ്ടത് മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

“ബോംബുകളുടെ ശബ്ദം നിലയ്ക്കട്ടെ, ആയുധങ്ങൾ മൗനം പാലിക്കട്ടെ” എന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ആയുധങ്ങൾക്ക് പകരം ചർച്ചകൾക്കും നയതന്ത്രത്തിനും വഴിതുറക്കണമെന്നും ജനങ്ങളുടെ ശബ്ദത്തിന് ഭരണാധികാരികൾ ചെവികൊടുക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമായതിനാൽ, യുദ്ധക്കെടുതി അനുഭവിക്കുന്ന അമ്മമാരെയും സ്ത്രീകളെയും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News