Sunday, May 18, 2025

ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; പാപ്പ പാലീയവും ‘മുക്കുവന്റെ മോതിരവും’ സ്വീകരിക്കും

ലെയൊ പതിനാലാമൻ പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷ ഇന്ന് ഔപചാരികമായി ആരംഭിക്കുന്നു. റോമിന്റെ മെത്രാൻ കൂടിയായ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലി ഇന്നു രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പ അർപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരാകും.

മെയ് എട്ടിനു തിരഞ്ഞെടുക്കപ്പെടുകയും ലെയൊ പതിനാലാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലി സമയം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ആയിരിക്കും. പാപ്പ, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വി. പത്രോസിന്റെ കബറിടത്തിങ്കൽ അൽപസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. വി. പത്രോസിന്റെ ബസിലിക്കയുടെ അകത്ത്, ഈ കബറിടത്തിലുള്ള ഈ ചടങ്ങ് റോമിന്റെ മെത്രാനായ പാപ്പയ്ക്ക് അപ്പോസ്തലൻ പത്രോസുമായും അദ്ദേഹത്തിൻറെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്.

കാണാതെപോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിൻരോമത്താൽ നിർമ്മിതവും കഴുത്തുചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിന്റെ മധ്യഭാഗത്തുകൂടെ മുന്നോട്ടു നീണ്ടുകിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേൽപിക്കപ്പെട്ട ദൗത്യത്തെ പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിന്റെ മൂല്യമുള്ള, ‘വലിയ മുക്കുവന്റെ മോതിരവും’ പാപ്പ ഈ ദിവ്യബലിമധ്യേ സ്വീകരിക്കും.

ലാറ്റിൻ – ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷമായിരിക്കും പാപ്പ തന്റെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിക്കുക.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്തപദവികളിലുള്ള മൂന്നു കർദിനാളാന്മാർ ആയിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. പാപ്പയെ പാലീയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും. തുടർന്ന്, തിരഞ്ഞെടുക്കപ്പെട്ടവന്റെമേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരിക്കുന്നതിനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം പ്രാർഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും പാപ്പ മോതിരം സ്വീകരിക്കുക. മെത്രാൻ കർദിനാളായിരിക്കും പാപ്പയ്ക്ക് ഇത് നൽകുക.

പാലീയവും മോതിരവും സ്വീകരിച്ചതിനുശേഷം പാപ്പ സുവിശേഷമേന്തി ദൈവജനത്തെ ആശീർവദിക്കും. തദനന്തരം ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും. അതിനുശേഷം പാപ്പ സുവിശേഷസന്ദേശം നൽകുകയും ദിവ്യബലി തുടരുകയും ചെയ്യും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News