ഗാസ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും മധ്യപൂര്‍വദേശങ്ങളിലെ സംഘര്‍ഷങ്ങളില്‍ ആകുലത രേഖപ്പെടുത്തിയും ഫ്രാന്‍സിസ് പാപ്പ. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം, ആഗസ്റ്റ് ഏഴ് ബുധനാഴ്ച, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാലസ്തീന – ഇസ്രായേല്‍, ഉക്രൈന്‍, മ്യാന്മാര്‍, സുഡാന്‍ എന്നീ പ്രദേശങ്ങളിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് പാപ്പ സംസാരിച്ചത്.
ഗാസ പ്രദേശത്തെ സ്ഥിതിവിശേഷം തികച്ചും ഗുരുതരമാണെന്നും അംഗീകരിക്കാനാകാത്തതാണെന്നും അഭിപ്രായപ്പെട്ട പാപ്പ, ഈ പ്രദേശത്തുള്ള സംഘട്ടനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കാതിരിക്കുന്നതിനായി ശ്രമിക്കാന്‍ സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഏവരോടും താന്‍ മുന്‍പു നടത്തിയ അഭ്യര്‍ഥന ആവര്‍ത്തിക്കുന്നുവെന്നു പറഞ്ഞു. സമാധാനത്തിനായുള്ള സത്യസന്ധമായ ശ്രമങ്ങള്‍ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കട്ടെയെന്നും സ്‌നേഹം വെറുപ്പിനെ തോല്പിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. ക്ഷമയാല്‍ പ്രതികാരചിന്തകള്‍ അവസാനിപ്പിക്കാനിടയാകട്ടെ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
പീഡനങ്ങളനുഭവിക്കുന്ന ഉക്രൈന്‍, മ്യാന്മാര്‍, സുഡാന്‍ എന്നീ പ്രദേശങ്ങള്‍ക്കുവേണ്ടി തന്നോടൊപ്പം പ്രാര്‍ഥിക്കാന്‍ ഏവരെയും ആഹ്വാനംചെയ്ത പാപ്പ, യുദ്ധങ്ങളാല്‍ തളര്‍ന്ന ഈ ജനതയ്ക്ക് അവര്‍ ആഗ്രഹിക്കുന്ന സമാധാനത്തിലേക്ക് എത്തിച്ചേരാന്‍ വേഗം കഴിയട്ടെയെന്ന് ആശംസിച്ചു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും വംശീയവിവേചനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങളും അവസാനിക്കാന്‍വേണ്ടി നമുക്ക് ഒരുമിക്കാമെന്നും പ്രാര്‍ഥിക്കാമെന്നും പാപ്പ പറഞ്ഞു.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്