Monday, November 25, 2024

യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓർമ്മിപ്പിച്ച് മാർപാപ്പ

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധ്യപൂർവ്വദേശങ്ങളിൽ ഒരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതിന്‍റെ ഭാഗമായി ഒക്ടോബർ 27 വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തതു. ഒക്ടോബർ 18 ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ അവസരത്തിലാണ് ഇസ്രായേൽ-പാലസ്തീന യുദ്ധത്തെ പരാമർശിച്ചുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കാൻ പാപ്പാ ആവശ്യപ്പെട്ടത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ അത് മരണവും നാശവുമാണ് വിതയ്ക്കുകയെന്നും, വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരാനും പാപ്പാ ആവശ്യപ്പെട്ടു.

ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടാനായി, ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ഒരു ദിനം പാപ്പാ പ്രഖ്യാപിച്ചു. അതിൽ പങ്കെടുക്കാൻ യഥാർത്ഥത്തിൽ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവവിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പാ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് മൈതാനത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പാ വ്യക്തമാക്കി. ഈ സംരംഭത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കെടുക്കാനായി എല്ലാ വ്യക്തിഗതസഭകളെയും പാപ്പാ ക്ഷണിച്ചു.

ഒക്ടോബർ 17 ചൊവ്വാഴ്ചയും സമാധാനത്തിനായി വിശുദ്ധനാട്ടിലെ സഭയോടൊത്ത് ചേർന്ന് ഉപവസിക്കാനും പ്രാർത്ഥിക്കാനും ട്വിറ്റർ സന്ദേശത്തിലൂടെയും പാപ്പാ ആവശ്യപ്പെട്ടിരുന്നു. ബന്ധികളാക്കപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതിനും, സാധാരണജനങ്ങൾ യുദ്ധത്തിന്റെ ഇരകളായിത്തീരാതിരിക്കാനും, മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടാനും, നിഷ്കളങ്കരക്തം ചൊരിയപ്പെടാതിരിക്കാനും പാപ്പാ ഈ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.

Latest News