താന്‍ ഉടന്‍ യുക്രൈന്‍ സന്ദര്‍ശിക്കില്ലെന്നും എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് തയ്യാറാണെങ്കില്‍ മോസ്‌കോയില്‍ വച്ച് അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധം തുടങ്ങി 20 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ മുഖേന റഷ്യന്‍ പ്രസിഡന്റിനെ കാണാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെയും അനുകൂലമായ രീതിയിലുള്ള മറുപടി ലഭിച്ചിട്ടില്ല. മെയ് മൂന്നിന് പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ പത്രമായ ‘കൊറിയര്‍ ഡെല്ല സെറ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ മൈക്കിള്‍ സെര്‍നിയെയും കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കിയെയും സന്ദേശവാഹകരായി അയച്ചിരുന്നെന്നും പാപ്പാ പറഞ്ഞു. ‘ഇപ്പോള്‍ ഉടനെ കീവിലേക്ക് പോകാന്‍ ഉദ്ദേശമില്ല. ആദ്യം മോസ്‌കോയില്‍ ചെന്ന് പുടിനെ കാണാനാണ് ആഗ്രഹിക്കുന്നത്. ഈ യുദ്ധം അവസാനിക്കാന്‍ എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്’ – പാപ്പാ വ്യക്തമാക്കി.
ഫെബ്രുവരി 24-ന് റഷ്യ യുക്രൈനില്‍ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിച്ചതിനു ശേഷം താന്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച കാര്യവും മാര്‍പാപ്പ അനുസ്മരിച്ചു. ഫെബ്രുവരി 25-ന് റഷ്യന്‍ എംബസി സന്ദര്‍ശിച്ചെങ്കിലും അവിടെയുണ്ടായിരുന്നപ്പോള്‍ താന്‍ റഷ്യന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചിട്ടില്ല എന്നും പാപ്പാ വ്യക്തമാക്കി.