സെപ്റ്റംബർ 26-29 തീയതികളിൽ ലക്സംബർഗും ബെൽജിയവും സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. പാപ്പായുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഏഷ്യ- ഓഷ്യാനിയ യാത്രയ്ക്ക് ശേഷമുള്ള 46-ാമത് അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. 1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
സമാധാനം, കുടിയേറ്റം, കാലാവസ്ഥാ അടിയന്തരാവസ്ഥ, യുവജനങ്ങളുടെ ഭാവി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെ ഫ്രാൻസിസ് പാപ്പ ഈ യാത്രയിൽ അഭിസംബോധന ചെയ്യും. 1425-ൽ സ്ഥാപിതമായ കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ലൂവെയ്ൻൻ്റെ 600-ാം വാർഷികം ആഘോഷത്തിൽ പങ്കെടുക്കുകയാണ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഒരു ലക്ഷ്യം. ല്യൂവെനിലെ വിദ്യാർത്ഥികളുമായും അക്കാദമിക് സമൂഹവുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ബ്രസൽസിലെ കിംഗ് ബൗഡൂയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.
ചെറിയ തോതിലുള്ള പനി കാരണം സെപ്റ്റംബർ 23 ലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു. എങ്കിലും അപ്പസ്തോലിക യാത്രയിൽ മാറ്റമൊന്നും ഉണ്ടാവുകയില്ലെന്ന് മത്തെയോ ബ്രൂണി അറിയിച്ചു.