ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടൊപ്പം മറ്റ് ഒമ്പതു വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.തിരുക്കര്‍മങ്ങള്‍ ഇറ്റാലിയന്‍ സമയം 10ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) ആരംഭിക്കും.
വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍ അഞ്ചു വാഴ്ത്തപ്പെട്ടവര്‍ ഇറ്റലിക്കാരാണ്. മൂന്നു പേര് ഫ്രഞ്ചുകാരും ഒരാള്‍ ഹോളണ്ടുകാരനുമാണ്. ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാന്‍ഡ്സ്മ, ഫ്രഞ്ച് വൈദികന് സേസര്‍ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികര്‍ ലൂയിജി മരിയ പലാസോളോ, ജസ്റ്റിന് റുസ്സൊലീലൊ, ഫ്രാന്‍സുകാരനായ സന്ന്യസ്തന്‍ ചാള്‍സ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.