റോമിലെ ജുവനൈല്‍ ജയിലിലെ തടവുകാരായ 12 യുവാക്കളുടെയും യുവതികളുടെയും പാദങ്ങള്‍ കഴുകി പെസഹാ ആചരണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ ആറിന് റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസല്‍ ഡെല്‍ മര്‍മോ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ ചാപ്പലില്‍ 80-ലധികം അന്തേവാസികള്‍, കുടുംബം, ജീവനക്കാര്‍, ഗാര്‍ഡുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്കും പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പാ നേതൃത്വം നല്‍കി.
തുടര്‍ന്ന് നല്‍കിയ സന്ദേശത്തില്‍ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാന്‍ ക്രിസ്തു തിരഞ്ഞെടുത്തതിന്റെ അര്‍ത്ഥത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. തന്റെ കുരിശുമരണത്തില്‍ അടുത്ത ദിവസം എന്താണ് സംഭവിക്കുന്നതെന്ന് തന്റെ ശിഷ്യന്മാരെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കാനാണ് യേശു അവരുടെ പാദങ്ങള്‍ കഴുകിയത്. ഇതില്‍ നിന്ന് നാം പഠിക്കേണ്ട പാഠം പരസ്പരം സഹായിക്കുക എന്നതാണ്. പാദങ്ങള്‍ കഴുകികൊണ്ട് ഈശോ കാണിച്ചു തന്നതും ഇതാണ്. പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘കാലുകള്‍ കഴുകുന്ന സമയത്ത് എനിക്ക് നന്നായി നടക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അവിടെയെത്തുമെന്ന് ഞാന്‍ വിചാരിച്ചു. കാലുകള്‍ കഴുകുന്ന സമയത്ത്, ചിന്തിക്കുക: യേശു എന്റെ പാദങ്ങള്‍ കഴുകി, യേശു എന്നെ രക്ഷിച്ചു. ഈ ബുദ്ധിമുട്ടുകളും കടന്നുപോകും. കര്‍ത്താവ് നിങ്ങളുടെ അടുത്താണ്, അവന്‍ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഒരിക്കലും. ഇത് ചിന്തിക്കുക’ അദ്ദേഹം യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.
വചനപ്രഘോഷണത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വടിയുടെ സഹായത്തോടെ നടന്ന് അള്‍ത്താരയ്ക്ക് സമീപമുള്ള ഉയര്‍ന്ന വേദിയില്‍ വച്ച് പത്ത് യുവാക്കളുടെയും രണ്ടു യുവതികളുടെയും പാദങ്ങള്‍ കഴുകി.