Monday, November 25, 2024

യുദ്ധത്താൽ വലയുന്ന ഉക്രേനിയക്കാർക്ക് ആശ്വാസവുമായി പാപ്പായുടെ കത്ത്

“നിങ്ങളുടെ വേദന എന്റെ വേദനയാണ്. ഈ വലിയ അക്രമം അനുഭവിക്കുന്ന നിങ്ങളെ യേശുവിന്റെ കുരിശിൽ ഞാൻ കാണുന്നു.” യുദ്ധം ഒമ്പതു മാസം പിന്നിടുന്ന സാഹചര്യത്തിൽ ഉക്രൈനിലേക്ക് എഴുതിയ കത്തിൽ വേദനയോടെ ഫ്രാൻസിസ് പാപ്പാ കുറിച്ചു. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പു വച്ചതിനു ശേഷം നവംബർ 25- ന് ഉക്രേനിയൻ, ഇറ്റാലിയൻ ഭാഷകളിൽ കത്ത് വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

ഒമ്പതു മാസത്തെ യുദ്ധത്തിൽ ഉക്രേനിയക്കാർ അനുഭവിച്ച പീഡനങ്ങളിലും യാതനകളിലും താൻ ക്രിസ്തുവിന്റെ കുരിശ് കാണുന്നുവെന്ന് ഉക്രൈനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു. “എന്റെ കണ്ണുനീർ നിങ്ങളുടെ കണ്ണുനീരുമായി സംയോജിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ നിങ്ങളെ ഓർമ്മിക്കാത്ത ഒറ്റ ദിവസം പോലുമില്ല. എന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും നിങ്ങളെ വഹിക്കാത്ത ഒരു ദിവസവും ഇല്ലെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവിനെ പീഡിപ്പിച്ച കുരിശ് മൃതശരീരങ്ങളിലും പീഡനങ്ങളിലും വിവിധ നഗരങ്ങളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിലും വീണ്ടും ജീവിക്കുന്നു” – ഫ്രാൻസിസ് മാർപാപ്പ കത്തിൽ എഴുതി.

ലിവിവിലെ ഉക്രേനിയൻ ആർച്ചുബിഷപ്പ് മൈക്‌സിസ്‌ലാവ് മോക്‌സിസ്‌കിയെയും ഉക്രൈനിലെ ഖാർകിവ്-സാപോരിസിയയിലെ സഹായമെത്രാനായ ബിഷപ്പ് ജാൻ സോബിലോയുമായും നടത്തിയ സ്വകാര്യ കൂടിക്കാഴ്ചക്ക് കൃത്യം ഒരാഴ്ചക്കു ശേഷമാണ് ഉക്രേനിയൻ ജനങ്ങൾക്കുള്ള പാപ്പായുടെ കത്ത് പ്രസിദ്ധീകരിക്കുന്നത്. 1932- നും 1933- നും ഇടയിൽ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സോവിയറ്റ് ഉക്രൈനിലെ മനുഷ്യനിർമ്മിതക്ഷാമം ‘ഹോളോഡോമോറിന്റെ വംശഹത്യ’യെയും ഇന്നത്തെ ഉക്രേനിയൻ ജനതയുടെ തുടരുന്ന ധൈര്യത്തെയും മാർപാപ്പയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.

“അവർ അനുഭവിക്കുന്ന വലിയ ദുരന്തത്തിൽ പോലും, ഉക്രേനിയൻ ജനത ഒരിക്കലും നിരുത്സാഹപ്പെടുത്തുകയോ, സ്വയം സഹതാപം കാണിക്കുകയോ ചെയ്തിട്ടില്ല. ധീരരും ശക്തരുമായ ഒരു ജനതയെ ലോകം തിരിച്ചറിഞ്ഞു. കഷ്ടപ്പെടുകയും പ്രാർത്ഥിക്കുകയും കരയുകയും പോരാടുകയും ചെറുത്തുനിൽക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് അവർ; കുലീനരും രക്തസാക്ഷികളുമായ ഒരു ജനത” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

Latest News