Monday, November 25, 2024

ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക സന്ദര്‍ശം; പ്രത്യാശയിലും ആകാംക്ഷയിലും നിറഞ്ഞ് തെക്കന്‍ സുഡാനിലെ കത്തോലിക്കാ സഭ

‘ഏവരും ഒന്നാകാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന ആപ്തവാക്യത്തോടെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ തെക്കന്‍ സുഡാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവുകയാണ്. ലോകം പ്രത്യാശയോടും ആകാംക്ഷയോടും കൂടെ ഉറ്റു നോക്കുന്ന ഈ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ സുഡാനിലെ കത്തോലിക്കാ സഭയെയും അവിടുത്തെ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആഴത്തിലറിയാം….

സുഡാന്‍, എത്യോപ്യ, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ക്കിടയിലാണ് തെക്കന്‍ സുഡാന്‍ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെങ്കിലും, അറബിക് ഭാഷയും മറ്റ് പ്രാദേശിക ഭാഷകളും ഇവിടെ സംസാരിച്ചുവരുന്നു. 52% കത്തോലിക്കരും, 33% പാരമ്പര്യ മതവിശ്വാസികളും ആറു% ഇസ്ലാം മതവിശ്വാസികളുമാണ് തെക്കന്‍ സുഡാനിലുള്ളത്.

സുഡാന്റെ തെക്കുഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനം എന്ന പേരിലുള്ള സംഘടന, 1983 മുതല്‍ നടത്തിവന്നിരുന്ന യുദ്ധത്തിന് ഒരു അവസാനം കുറിച്ചത് 2005 -ല്‍ ഈ പ്രസ്ഥാനവും സുഡാന്‍ സര്‍ക്കാരും തമ്മില്‍ നടത്തിയ സമാധാന കരാറിനെ തുടര്‍ന്നാണ്. അതിനു ശേഷം 2011 ജനുവരി 9 -നു നടത്തിയ ജനഹിത പരിശോധനയെ തുടര്‍ന്നാണ് 2011 ജൂലൈ 9 -ന് തെക്കന്‍ സുഡാന്‍ ജന്മമെടുക്കുന്നത്. സ്വാതന്ത്ര്യശേഷവും കലഹങ്ങള്‍ രൂക്ഷമായി; അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു.

നിരവധി ശ്രമങ്ങള്‍ക്കൊടുവില്‍ എത്യോപ്യ, സുഡാന്‍, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുടെ മദ്ധ്യസ്ഥത്തിന്റെ സഹായത്താല്‍ 2018 സെപ്റ്റംബര്‍ 12 -ന് സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ടു സംഘങ്ങളുടെയും നേതാക്കള്‍, ‘പുനരുദ്ധരിപ്പിക്കപ്പെട്ട സമാധാന കരാര്‍’ ഒപ്പു വച്ചു. കത്തോലിക്കാ സഭയുടേതുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ നയതന്ത്രശ്രമങ്ങളും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

സുഡാനിലെ കത്തോലിക്കാ സഭ

ഒരു കോടി മുപ്പത്തിയേഴു ലക്ഷത്തോളം (1.37.94.000) ആളുകളാണ് തെക്കന്‍ സുഡാനിലുള്ളത്. ഇവരില്‍ 72 ലക്ഷത്തിലധികം ആളുകള്‍ കത്തോലിക്കാ വിശ്വാസികളാണ്. തെക്കന്‍ സുഡാനിലെ ആകെ ജനസംഖ്യയുടെ 52.4 ശതമാനവും കത്തോലിക്കാരാണ്. ജൂബ അതിരൂപതയുള്‍പ്പെടെ ഏഴു സഭാഘടകങ്ങള്‍ ഈ രാജ്യത്തുണ്ട്. 2022 നവംബര്‍ 30 -ലെ കണക്കുകള്‍പ്രകാരം തെക്കന്‍ സുഡാനില്‍ 10 കത്തോലിക്കാ മെത്രാന്മാരുണ്ട്. 185 രൂപതാ വൈദികരും 115 സന്യസ്ത വൈദികരും ഉള്‍പ്പെടെ 300 വൈദികര്‍ ഇവിടെയുള്ള 124 ഇടവകകളിലും 781 വിശ്വാസകേന്ദ്രങ്ങളിലുമായി സേവനം ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ കീഴിലായി 242 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. തെക്കന്‍ സുഡാനിലെ വിദ്യാഭ്യാസമേഖല കുറച്ചെങ്കിലും തകരാതെ പിടിച്ചുനിര്‍ത്താന്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകുന്നു. 2011 ജൂലൈ 9 -ന് സുഡാനില്‍ നിന്നും വേര്‍പിരിഞ്ഞ തെക്കന്‍ സുഡാനില്‍ ആദ്യമായാണ് ഒരു പാപ്പാ എത്തുന്നത്.

മരിയ ജോസ്

 

Latest News