Sunday, November 24, 2024

രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പരിഷ്‌കരിച്ച് പുറത്തിറക്കി

രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് പുറത്തിറക്കി. അര്‍ബുദത്തിനും പ്രമേഹത്തിനും ടിബിക്കുമുളള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. പട്ടികയില്‍ ഇടംപിടിച്ചതോടെ ഈ മരുന്നുകള്‍ ഇനി ന്യായവിലയ്ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ ആണ് പട്ടിക പുറത്തിറക്കിയത്.

മൂന്ന് വര്‍ഷം കൂടുമ്പോഴാണ് അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നത്. 2015 ലാണ് ഇതിന് മുന്‍പ് പട്ടിക പരിഷ്‌കരിച്ചത്. പിന്നീട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കേണ്ടതാണെങ്കിലും കഴിഞ്ഞ തവണ കൊറോണ വ്യാപനം മൂലം ഇത് വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഐസിഎംആറും അവശ്യ മരുന്നുകളുടെ വില നിര്‍ണയിക്കാനുളള കമ്മറ്റിയും ചേര്‍ന്ന് മരുന്നുകളുടെ പട്ടിക കരട് രൂപത്തില്‍ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

2015 ലെ പട്ടികയിലേതിനെക്കാള്‍ 34 പുതിയ മരുന്നുകള്‍ കൂടി ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് ദീര്‍ഘകാല ഇന്‍സുലിന്റെ ഫലം നല്‍കുന്ന ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ടിബിക്കുളള ഡെലാമനിഡ്, ആന്റി്പാരാസൈറ്റ് തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകളും വാക്സിനുകളും ഇതില്‍ ഉള്‍പ്പെടും.

ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ കുറഞ്ഞ നിരക്കില്‍ മാത്രമേ ഇനി ഇത് വില്‍ക്കാന്‍ കഴിയൂ. 350 വിദ്ഗധരുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. 140 യോഗങ്ങള്‍ ഇതിനായി ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

അവശ്യമരുന്നുകളുടെ പട്ടികയിലുളള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. 1.6 ട്രില്യന്‍ രൂപയുടെ ആഭ്യന്തര മരുന്ന് വിപണിയില്‍ ഏതാണ്ട് 16-17 ശതമാനവും ഷെഡ്യൂള്‍ട് മരുന്നുകളാണ്. മറ്റ് മരുന്നുകള്‍ക്ക് ഓരോ വര്‍ഷവും പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ അനുമതിയുണ്ട്.

 

 

Latest News