പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. പിഎഫ്‌ഐ ഇന്നലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഹര്‍ത്താലിനിടെ തകര്‍ന്നവയില്‍ ലോഫ്‌ലോര്‍ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉള്‍പ്പെടുന്നു. ഈ ബസുകള്‍ ശരിയാക്കി പുറത്തിറങ്ങണമെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിയ്ക്ക് മാത്രം ഹര്‍ത്താലനുകൂലികള്‍ ഉണ്ടാക്കിയത്.
സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ചു. ആംബുലന്‍സിന് നേരെയും കല്ലെറിഞ്ഞു. അക്രമികള്‍ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തുകയും മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ അക്രമം അഴിച്ച് വിടുകയും ചെയ്തു. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി.
കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂരില്‍ ചരക്കുലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്തു. ആലുവയില്‍ ബസിന് കല്ലെറിഞ്ഞു. ആലുവയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു.
പെരിന്തല്‍മണ്ണയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഗുരുവായൂര്‍- സുല്‍ത്താന്‍ ബത്തേരി ബസിന് നേരെ പെരിന്തല്‍മണ്ണ ജൂബിലി റോഡ് ജംഗ്ഷന് സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. ബസിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നു.
കണ്ണൂരില്‍ എയര്‍പോട്ടിലേക്ക് പോയ വാഹനം അടിച്ചുതകര്‍ത്തും പയ്യോളിയിലും ഈരാറ്റുപേട്ടയിലും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിച്ച് പൊലീസിന് നേരെ സംഘര്‍ഷം നടത്തി.
കേരളം ഇതുവരെ കാണാത്ത പൈശാചികമായ ഹര്‍ത്താലാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയതെന്നും അവര്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി എന്നും സര്‍ക്കാരിന്റെ മൗനാനുവാദം പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണമുണ്ടാക്കിയതില്‍ അറസ്റ്റിലായത്. 229 പേരെ കരുതല്‍ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.
എന്‍ഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.