രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ സംഘടനയുടേയും നേതാക്കളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടം നികത്താന്‍ വൈകുന്നതിലാണ് കോടതിയുടെ വിമര്‍ശനം.
ജനുവരി 23 -നകം ജപ്തിനടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പിഎഫ്ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഏകദേശം അഞ്ചു കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കാനാണ് കോടതി നേരത്തെ ഉത്തരവായത്. എന്നാല്‍ ജനുവരി 14 വരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ജപ്തിനടപടികള്‍ക്കായി സാവകാശം ചോദിച്ചിരുന്നു. പക്ഷേ, നടപടികള്‍ എങ്ങും എത്താത്തതിനെ തുടര്‍ന്നാണ് കോടതി അന്ത്യശാസനം നല്‍കിയത്.
സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ മന്ദഗതിയില്‍ തുടരുന്നതിലുള്ള അതൃപ്തി, കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ജില്ലാ അടിസ്ഥാനത്തില്‍ ജനുവരി 23 -നകം ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ഉത്തരവായത്. 24 -ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ജപ്തിനടപടികള്‍ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
അതേ സമയം, പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഇന്നും കൊല്ലത്ത് റെയ്ഡ് നടന്നു. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന. റെയ്ഡിൽ ഡയറിയും തിരിച്ചറിയൽ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനു പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.