Thursday, January 23, 2025

പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ആലപ്പുഴയില്‍ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൗമാരക്കാരനായ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിച്ചതില്‍ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ് രഹസ്യന്വേഷണ വിഭാഗമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിനിടെ നടന്ന പ്രകടനത്തിലാണ് കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.

പ്രമുഖരടക്കമുള്ള നിരവധി പേര്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു.

 

Latest News