വടക്കന്‍, മധ്യ പോര്‍ച്ചുഗലിലുടനീളം കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഏകദേശം 3,000 അഗ്നിശമന സേനാംഗങ്ങളും 60 ലധികം വിമാനങ്ങളും ചേര്‍ന്ന് തീയണയ്ക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അതിശക്തമായ രീതിയില്‍ കാട്ടുതീ പടരുന്നതിനാല്‍ വലിയ താപനിലയാണ് പ്രദേശത്തുള്ളത്. 12 അഗ്നിശമന സേനാംഗങ്ങള്‍ക്കും 17 സിവിലിയന്മാര്ക്കും തീപിടുത്തത്തില്‍ പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന് ഞായറാഴ്ച അതിന്റെ അഗ്നിശമന എയര്‍ ഫ്ലീറ്റ് സഹായം പോര്‍ച്ചുഗലില്‍ എത്തിച്ചു. തങ്ങളുടെ ഗ്രൗണ്ട് ക്രൂവിനെ സഹായിക്കാന്‍ 60 വിമാനങ്ങള്‍ വിന്യസിച്ചതായി പോര്‍ച്ചുഗല്‍ സര്‍ക്കാരും അറിയിച്ചു. പോര്‍ച്ചുഗല്‍ വളരെക്കാലമായി പല കാഠിന്യങ്ങളിലുള്ള കാട്ടുതീ നേരിട്ടിട്ടുണ്ട്. 2017ല്‍ നിയന്ത്രണാതീതമായ കാട്ടുതീയില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച മുതല്‍ നിരവധി പ്രദേശങ്ങളില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണ്, വെള്ളി, ശനി ദിവസങ്ങളില്‍ 250 ഓളം പുതിയ തീപിടിത്തങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗവണ്മെന്റ് ജൂലൈ 11 മുതല്‍ 15 വരെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ”ഞങ്ങള്‍ അഭൂതപൂര്‍വമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു,” എന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ദേശീയ കമാന്‍ഡര്‍ ആന്ദ്രെ ഫെര്‍ണാണ്ടസ് ശനിയാഴ്ച പറഞ്ഞു.
പോര്‍ച്ചുഗല്‍ ഈ വര്‍ഷം ഇതിനകം തന്നെ അതികഠിനമായ കാലാവസ്ഥ പലതും കണ്ടു കഴിഞ്ഞതാണ്. ജൂണ്‍ മാസത്തില്‍ രാജ്യത്തിന്റെ പ്രദേശത്തിന്റെ ഏകദേശം 28 ശതമാനത്തെ വരള്‍ച്ച ബാധിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗങ്ങളും കാട്ടുതീയും ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സീ ആന്‍ഡ് അറ്റ്മോസ്ഫിയര്‍, ഈ വാരാന്ത്യത്തില്‍ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ താപനില ക്രമാനുഗതമായി 40 ഡിഗ്രി സെല്‍ഷ്യസ് (104 ഫാരന്‍ഹീറ്റ്) വരെ വര്‍ദ്ധിക്കുമെന്ന് പ്രവചിച്ചിരുന്നു.
പ്രത്യേക അപകടസാധ്യതയുള്ളതായി കരുതുന്ന വനങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടയുന്ന നിയന്ത്രണങ്ങള്‍ രാജ്യം സ്വീകരിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം നിരോധിക്കുകയും നിയമവിരുദ്ധമായ പടക്കങ്ങളുടെ ഉപയോഗം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.