Sunday, November 24, 2024

യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കും: പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് നിരീക്ഷിക്കുമെന്ന് മെറ്റ. ഹമാസ് അനുകൂല പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതിന് താത്കാലിക മാനദണ്ഡങ്ങളും മെറ്റ പുറപ്പെടുവിച്ചു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി മെറ്റയുടെ കീഴിലുള്ള എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഇത് തീരുമാനം ബാധകമാണ്. കൊടും ഭീകരത സോഷ്യമല്‍ മീഡിയ ആപ്പുകള്‍ വഴി വളര്‍ത്താന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് മെറ്റ പുതിയ തീരുമാനത്തിലൂടെ പങ്കുവെക്കുന്നത്. ആപ്പുകളുടെ സേവനം ലഭിക്കുന്ന എല്ലാ രാജ്യങ്ങളിലും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും മെറ്റ അറിയിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ എല്ലാവര്‍ക്കും കമന്‍റ് ചെയ്യാനുള്ള അവസരം മെറ്റ എടുത്തുകളഞ്ഞു. യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ആ പ്രദേശത്തുള്ളവര്‍ക്കോ മാത്രം ഈ പോസ്റ്റ് പങ്കുവെക്കാന്‍ കഴിയും. കൂടാതെ അവരുടെ സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ അവരെ ഫോളോ ചെയ്യുന്നവര്‍ക്കും മാത്രം കമന്‍റ് ചെയ്യാന്‍ കഴിയും വിധമാണ് ക്രമീകരണം. പോസ്റ്റ് ഫീഡില്‍ വരുമ്പോള്‍ ഒന്നോ രണ്ടോ കമന്റ് കാണാന്‍ നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും മെറ്റ വ്യക്തമാക്കി.

Latest News