ദക്ഷിണ കൊറിയയിൽ യാത്രാവിമാനത്തിനു തീപിടിച്ചതിന്റെ കാരണം പോർട്ടബിൾ പവർ ബാങ്ക് ആണെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർ. ജനുവരി 28 ന് രാജ്യത്തിന്റെ തെക്കുള്ള ഗിംഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ബുസാൻ വിമാനത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് നിസ്സാരപരിക്കേൽക്കുകയും ചെയ്തിരുന്നു.
പവർ ബാങ്ക് ബാറ്ററിക്കുള്ളിലെ ഇൻസുലേഷൻ തകരാറിലായതിനാൽ തീപിടുത്തം ആരംഭിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തീ ആദ്യം പടർന്ന ഒരു ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ നിന്നാണ് പവർ ബാങ്ക് കണ്ടെത്തിയത്. അവിടെ അതിന്റെ അവശിഷ്ടങ്ങളിൽ തീകത്തിയതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ ബാറ്ററി തകരാറിലാകാൻ കാരണമെന്താണെന്ന് അന്വേഷകർക്ക് പറയാൻ കഴിഞ്ഞില്ല. ഉപകരണങ്ങളിലെ ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ കാരണം ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ വർഷങ്ങളായി പവർ ബാങ്കുകൾ ലഗേജിൽനിന്ന് വിലക്കിയിട്ടുണ്ട്. ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ നിർമ്മാണത്തിലെ പിഴവുകൾ മൂലമോ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ അവയ്ക്ക് കടുത്ത ചൂടും തീയും ഉണ്ടാകാം.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശപ്രകാരം, 2016 മുതൽ യാത്രാവിമാനങ്ങളുടെ കാർഗോ ഹോൾഡുകളിൽ നിന്ന് ലിഥിയം-അയൺ ബാറ്ററികൾ നിരോധിച്ചിരിക്കുന്നു. എയർ ബുസാൻ തീപിടുത്തത്തിനുശേഷം എയർലൈൻ ആ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ ലഗേജിൽ ഇനി പവർ ബാങ്കുകൾ സൂക്ഷിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.