Monday, November 25, 2024

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; 7.8 തീവ്രത; കെട്ടിടങ്ങള്‍ നിലംപൊത്തി, 50 ലേറെ മരണം

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. 50ലേറെ പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടമുണ്ടായ സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭൂകമ്പത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

 

Latest News