മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന തെലങ്കാനയിലെ പ്രഗതി ഭവന് ഇനി മുതല്‍ അംബേദ്കര്‍ പ്രജാ ഭവന് എന്നറിയപ്പെടും. തെലങ്കാനയുടെ നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പേരുമാറ്റം. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പ്രാപ്യനാണെന്ന സന്ദേശം നല്‍കുന്നതിനാണ് നടപടിയെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു.
അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കാന് അവസരം ഉണ്ടാക്കുമെന്നും പ്രജാ ഭവനെന്ന് പുനഃനാമകരണം ചെയ്യുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയും ഓഫീസും ഉള്‍പ്പെടുന്ന പ്രഗതി ഭവനില്‍ കഴിഞ്ഞ ദശാബ്ദക്കാലമായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകള്‍ നീക്കം ചെയ്തു. മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായാണ് ബാരിക്കേഡുകള്‍ നീക്കം ചെയ്തത്.
അതിനിടെ, വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ചാണ് രേവന്ത് റെഡ്ഡി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. .