കഴിഞ്ഞ ബുധനാഴ്ച യുക്രൈനിലെ മരിയുപോളിലുള്ള ഒരു മെറ്റേണിറ്റി ഹോസ്പിറ്റലില്‍ റഷ്യ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയും അവരുടെ കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്.
പേര് പുറത്തുവിട്ടിട്ടില്ലാത്ത ആ സ്ത്രീയെ പരിക്കുകളോടെ, മറ്റൊരു ആശുപത്രിയിലേയ്ക്ക് സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. സാധാരണക്കാരും ഏറ്റവും അവശരും ബലഹീനരുമായ ജനത്തിന് നേരെയുള്ള റഷ്യന്‍ ക്രൂരതയുടെ മുഖമായി ആ ചിത്രം വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.
മരിയുപോളില്‍ ബുധനാഴ്ച റഷ്യന്‍ ബോംബാക്രമണം നടന്ന പ്രസവ ആശുപത്രിയില്‍ നിന്ന് എപി ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കണ്ടെത്തിയ മൂന്ന് ഗര്‍ഭിണികളില്‍ ഒരാളായിരുന്നു അവര്‍. മറ്റ് രണ്ട് പേരും മറ്റൊരു ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുണ്ടായി.
പരിക്കേറ്റ അവരെ രക്ഷാപ്രവര്‍ത്തകര്‍ ബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കൊണ്ടുപോകുമ്പോള്‍ അവളുടെ ഇടതുവശത്തെ അടിവയറ്റില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നതായി ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. പുതുതായി കൊണ്ടു ചെന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. സിസേറിയന്‍ വഴി കുഞ്ഞിനെ അവര്‍ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.
സ്ത്രീയുടെ ഇടുപ്പ് ചതഞ്ഞിരുന്നതായി അവരെ ശുശ്രൂഷിച്ച ഡോക്ടര്‍ തിമൂര്‍ മാരിന്‍ ശനിയാഴ്ച പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന വിവരം അറിഞ്ഞ് അരമണിക്കൂറിനകം യുവതിയും മരിച്ചു. ഭര്‍ത്താവും പിതാവും ചേര്‍ന്നാണ് യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി കൊണ്ടുപോയത്.
ഇതുപോലുള്ള ദയനീയ മരണങ്ങള്‍ യുക്രൈനിലെ വിവിധ നഗരങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മരിയുപോളില്‍ ഇന്നും സ്ഥിതിഗതികള്‍ ശാന്തമല്ല. മാര്‍ച്ച് 2 ന് റഷ്യന്‍ സൈന്യം നഗരം വളഞ്ഞതുമുതല്‍ നഗരം നിരന്തരമായ ബോംബാക്രമണത്തിന് വിധേയമായിരന്നു. നഗരത്തില്‍ അവശേഷിക്കുന്ന ഏകദേശം 400,000 ആളുകള്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നും ലഭ്യമല്ല. ഹീറ്റ്, ഫോണ്‍ സേവനങ്ങളും പല പ്രദേശങ്ങളിലും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
യുക്രെയ്‌നിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു. ഏറ്റവും ദുര്‍ബലരായ കുഞ്ഞുങ്ങള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആക്രമിക്കുന്നത് മനസ്സാക്ഷിയില്ലാത്ത ക്രൂരതയാണെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.