Sunday, April 20, 2025

കോവിഡ് നിയന്ത്രണങ്ങളുടെ സമ്മര്‍ദ്ദത്തില്‍ വലഞ്ഞ് ഷാങ്ഹായ് നിവാസികള്‍

ഷാങ്ഹായി നഗരത്തില്‍ ഇപ്പോള്‍ മിക്ക പ്രഭാതങ്ങളിലും മെഗാഫോണിന്റെ വിദൂര പ്രതിധ്വനി മുഴങ്ങുന്നു. നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്കായി പ്രദേശവാസികളെ വിളിക്കുന്നതാണത്. ആര്‍ക്കും ഇതില്‍ നിന്ന് ഒഴിവാകാനാവില്ല. എല്ലാവരും നിര്‍ബന്ധമായും സന്നദ്ധപ്രവര്‍ത്തകരുടെ അടുത്തെത്തി കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം. 25 മില്യണ്‍ ജനങ്ങളുള്ള ഈ വലിയ നഗരം, ഇപ്പോള്‍ വലിയ പ്രതിന്ധിയിലാണ്. രാജ്യത്തെ എക്കാലത്തേയും വലിയ കോവിഡ് പ്രതിസന്ധയിലേയ്ക്ക് കൂപ്പുകുത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ബന്ധിത കോവിഡ് പരിശോധനയും.

ദശലക്ഷക്കണക്കിന് താമസക്കാര്‍ അവരുടെ വീടുകളുടെ പരിധിയില്‍ നിന്ന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ്. ഭക്ഷണം വാങ്ങാന്‍ പോലും ആരെയും അവരുടെ വീടിന്റെ കോമ്പൗണ്ടുകള്‍ വിട്ടുപോകാന്‍ അനുവദിക്കുന്നില്ല. പകരം സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഡെലിവറി ഡ്രൈവര്‍മാരെ ആശ്രയിക്കണം. അവരുടെ സേവനം എല്ലാവര്‍ക്കും ലഭ്യമാകുന്നുമില്ല. വൈറസിന്റെ ഭീഷണിയേക്കാള്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇത്തരം കടുത്ത നിയന്ത്രണങ്ങളാണ്.

പലരും ഭക്ഷണത്തിനായുള്ള മുറവിളിയാണ്. ലോക്ഡൗണ്‍ മുന്‍കൂട്ടി കണ്ട് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ കടകളിലൊന്നും സാധനങ്ങളില്ല. ആളുകള്‍ നിലവിളിച്ച്, കമ്മ്യൂണിറ്റി പ്രവര്‍ത്തകരോട് ഭക്ഷണത്തിനായി അഭ്യര്‍ത്ഥിക്കുന്നതും തങ്ങള്‍ പട്ടിണിയാണെന്ന് പറയുന്നതുമായുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

കമ്മ്യൂണിറ്റികളില്‍ സര്‍ക്കാര്‍ ഏതാനും ദിവസത്തിലൊരിക്കല്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഒരു പെട്ടി പച്ചക്കറി, മുട്ട, പന്നിയിറച്ചി, ചില പരമ്പരാഗത ചൈനീസ് മരുന്ന് എന്നിവയൊക്കെയാണ് അതിലുള്ളത്. പക്ഷേ ഒരു കുടുംബത്തിന് കഷ്ടിച്ച് ഒരു ദിവസം കഴിക്കാനുള്ളതേ അതില്‍ ഉണ്ടാവുകയുള്ളു.

കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെ അടുത്തേയ്ക്ക് ചെല്ലാം. അവര്‍ കോമ്പൗണ്ടിനുള്ളില്‍ വരും. പക്ഷേ അവര്‍ ഒരിക്കലും ആളുകളെ ഗേറ്റിന് പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. മൂന്നാഴ്ചയിലേറെയായി എല്ലാ വീടുകളുടേയും ഗേറ്റുകള്‍ പൂട്ടുകളും സൈക്കിള്‍ പൂട്ടുകളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. അവശ്യ തൊഴിലാളികളെ ഒഴിവാക്കി, നഗരം മുഴുവന്‍ പൂട്ടിയിരിക്കുകയാണ്.

ടെസ്റ്റില്‍ പോസിറ്റീവ് ആയാല്‍ അവരെ ഷാങ്ഹായിലെ സ്പാര്‍ട്ടന്‍ ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് അയയ്ക്കും. ഇടുങ്ങിയതും വൃത്തിഹീനവുമായ സാഹചര്യമാണ് അവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടെ ആഴ്ചകളോളം കഴിയേണ്ടതായും വരും. അങ്ങനെ സംഭവിച്ചാല്‍ വീട്ടിലെ മറ്റ് ആളുകളുടേയും വളര്‍ത്തുമൃഗങ്ങളുടേയും അവസ്ഥ എന്താകുമെന്നും ആളുകള്‍ ആശങ്കപ്പെടുന്നു.

പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് ഷാങ്ഹായ് വൈസ് മേയര്‍ സോങ് മിംഗ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ നഗരവാസികളോട് ക്ഷമാപണം നടത്തി. തിങ്കളാഴ്ച, ചില പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ തുടങ്ങുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധാരണ ജീവിതം ഇനി എന്ന് സാധ്യമാകും എന്ന ആശങ്കയിലാണ് ഷാങ്ഹായ് നിവാസികള്‍.

 

Latest News