വിശാല ഐക്യ സര്‍ക്കാരിലെ പ്രമുഖ പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്, വിലക്കയറ്റം നേരിടാനുള്ള ഉത്തേജന പദ്ധതിയില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജി സമര്‍പ്പിച്ചു.
എന്നാല്‍ പ്രസിഡന്റ് സെര്‍ജിയോ മത്താറെല്ല രാജി സ്വീകരിച്ചില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങള്‍ നടത്താന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോടു നിര്‍ദേശിച്ചു. പ്രധാനമന്ത്രി ബുധനാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തേക്കും.
കോവിഡ് മഹാവ്യാധി സൃഷ്ടിച്ച ആഘാതങ്ങളില്‍നിന്നു രാജ്യത്തെ രക്ഷിക്കാനായി 2021 ഫെബ്രുവരിയിലാണ് ദ്രാഗിയുടെ നേതൃത്വത്തില്‍ ഇടത്, മധ്യ, വലതു പക്ഷ പാര്‍ട്ടികളുടെ വിശാല സര്‍ക്കാര്‍ രൂപീകരിച്ചത്.
എന്നാല്‍ 2,600 കോടി യൂറോയുടെ ഉത്തേജന പദ്ധതിയിന്മേല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് രണ്ടാമത്തെ വലിയ കക്ഷിയായ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് വിട്ടുനിന്നതോടെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞ് ദ്രാഗി രാജിക്കു തയാറാവുകയായിരുന്നു. അതേസമയം സെനറ്റില്‍ 39നെതിരേ 172 വോട്ടുകള്‍ക്ക് ഉത്തേജന ബില്‍ പാസായി.