സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് പിരിക്കാനുള്ള ബോര്‍ഡ് തീരുമാനത്തിനുപുറമെയാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയര്‍ത്തിയത്. പിന്നാലെ തീരുമാനത്തെ ന്യായീകരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും രംഗത്തെത്തി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വര്‍ധന. നിരക്ക് വര്‍ധന ഇന്നലെമുതല്‍ പ്രാബല്യത്തില്‍ വന്നതിനുപിന്നാലെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. നിരക്ക് വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അതിനാല്‍ ജനങ്ങള്‍ ഇതിനായി തയാറാകണമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
ഇരട്ടി ഷോക്ക്
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്കി വരുന്ന സബിസിഡിയും സര്‍ക്കാര്‍ അവസാനിപ്പിച്ചു എന്നത് ഇരട്ടി ഷോക്കാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതുക്കിയ താരിഫ് നിരക്ക് പ്രകാരം ശരാശരി 20 പൈസയാണ് യൂണിറ്റിന് വര്‍ധനയെങ്കിലും സബ്സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വര്‍ധന തന്നെ ബഹുഭൂരിഭാഗത്തിനും ബില്ലില്‍ വരും. കെഎസ്ഇബിയുടെ ഉപഭോക്താക്കളില്‍ 90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണെന്നാണ് കണക്ക്. അതായത് സാധാരണക്കാരന് വൈദ്യുതി ബില്ലില്‍ ഇരുട്ടടി നല്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത ബില്ല് വരുമ്പോള്‍ വലിയ തുക വ്യത്യാസം ബില്ലില്‍ ഉണ്ടാകും. ഇതിനൊപ്പം ഫിക്സ്ഡ് ചാര്‍ജും വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ വലിയ രീതിയിലുള്ള വര്‍ധനവ് ബില്ലില്‍ ഉണ്ടാകും.
വെള്ളം കുടിയും മുട്ടിക്കും
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുജനത്തിന് ഇരട്ട പ്രഹരമായി വെള്ളക്കരവും ഉയര്‍ത്താന്‍ നീക്കം നടക്കുന്നുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് സൂചന. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നീക്കം.
വരുമാനത്തിലും ശമ്പളത്തിലും വര്‍ധനയില്ല
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം നിരക്ക് വര്‍ധനകള്‍ അടിയ്ക്കടി ഉണ്ടാകുന്നത്. നിരക്ക് വര്‍ധിപ്പിച്ച് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ഒരു ഭാഗത്ത് സര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ ഇതേ സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും കൃത്യമായി ലഭിക്കാതെ നട്ടം തിരിയുകയാണ് ജനം. അവശ്യ വസ്തുക്കളുടെ വിലവര്‍ധനവും അവരെ കൂടുതല്‍ വിഷമിപ്പിക്കുന്നു. സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം മുടങ്ങുകയാണ്. പെന്ഷന് കൃത്യമായി ലഭിക്കാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാതെ വയോധികരും തേങ്ങുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്കരണ കുടിശ്ശിക 14,000 കോടിയോളം വരുമെന്ന കണക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇതിന്റെ വിതരണം സര്‍ക്കാര്‍ നീട്ടിവയ്ക്കുകയാണ്. കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ഇതിന്റെ പ്രത്യാഘാതം നേരിടുന്നു.
തൊഴിലില്ലായ്മയും അതിരൂക്ഷം
കൂനിന്മേല് കുരു എന്ന രീതിയില്‍ രാജ്യത്താകമാനം തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കാള്‍ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ തൊഴിലില്ലായ്മ 10.05% ആണ്. മുന്‍മാസത്തേക്കാള്‍ 3 ശതമാനത്തോളം ആണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ എന്നതും ശ്രദ്ധേയം. വിദ്യാഭ്യാസത്തിന് യോജിച്ച തൊഴിലുകൂടി ലഭിക്കുന്നില്ലെങ്കില്‍ മേല്‍സൂചിപ്പിച്ച പ്രതിസന്ധികളെ സാധാരണക്കാര്‍ എങ്ങനെ മറികടക്കും?
ധൂര്‍ത്തിന് മാത്രം കുറവില്ല
ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴും ജനപ്രതിനിധികളുടെ ധൂര്‍ത്തിനു മാത്രം കുറവുണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും പുതുതായി ‘കേരളീയം’ എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷവും പൊതുജനവും ഒരുപോലെ വിമര്‍ശിക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണവും വയോധികരുടെ പെന്‍ഷനുമടക്കം സകല പണ വിതരണവും മുടങ്ങിക്കിടക്കുമ്പോഴും ഒരു മനസാക്ഷിയും ഇല്ലാതെ തിരുവനന്തപുരം നഗരത്തില്‍ ‘കേരളീയം’ പരിപാടി നടത്തി കോടികള്‍ ചെലവാക്കുകയാണ് സര്‍ക്കാര്‍.
കേരളം സാമ്പത്തിക അടിയന്തരാവസ്ഥയില്‍ ആണോ എന്ന് രൂക്ഷവിമര്‍ശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ക്ഷേമ പരിപാടികളും ശമ്പളവും പെന്‍ഷനുമെല്ലാം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലും വന്‍ തുക ചെലവഴിച്ച് വലിയ ആര്‍ഭാടത്തോടെ ഇത്തരം പരിപാടികള്‍ നടത്തുന്നത് ന്യായമാണോ എന്നാണ് പൊതുജനത്തിന്റെ ചോദ്യം.
ഒരേസമയം സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മതിക്കുകയും അതിധാരാളിത്തത്തോടെ ഭീമമായ തുക അനാവശ്യമായി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇത്തരം ധൂര്‍ത്ത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങളോട് പുറംതിരിഞ്ഞ് നില്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും ന്യായീകരിക്കാനാവില്ല. പകരം, ജനാധിപത്യ സര്‍ക്കാര്‍ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ച് അവരുടെ സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചേ മതിയാവൂ.
കീര്‍ത്തി ജേക്കബ്