Friday, April 18, 2025

കുടിവെള്ളത്തിനും മരുന്നിനും വില കൂടും; ഭൂനികുതിയും ഭൂമി ന്യായവിലയും കൂടും; ഏപ്രില്‍ ഒന്ന് മുതല്‍ സാധാരണക്കാര്‍ നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളി

പുതിയ സാമ്പത്തിക വര്‍ഷമായ നാളെ മുതല്‍ നികുതി ഭാരം കൂടും. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും.

വാഹനം വില, കൂട്ടിയ വെള്ളക്കരം തുടങ്ങിയവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനമാണ് വര്‍ധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നാളെ മുതല്‍ നിലവില്‍ വരും. വാഹന രെജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് നിരക്കുകളും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ നിരക്ക് കൂട്ടാന്‍ തുടങ്ങിയത്.

രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് നാളെ മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

മരുന്നിനും നാളെ മുതല്‍ വില കൂടും. ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാന്‍ ഇടയാക്കും.

Latest News