വിലക്കയറ്റത്തിന്റെ നാളുകളാണ് ഇനി മലയാളികളെ കാത്തിരിക്കുന്നത്. സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങള്‍ കേരളത്തെയൊട്ടാകെ വരിഞ്ഞുമുറുക്കും. സാധാരണക്കാരെ കനത്ത പ്രതിസന്ധിയിലേക്കു അവ തള്ളിവിട്ടേക്കാം. അതേസമയം കേരളത്തില്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാത്തതും തിരിച്ചടിയാകും. താമസിയാതെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കും. ജീവിതചെലവില്‍ വലിയ വര്‍ധനയാകും ഈ പ്രഖ്യാപങ്ങള്‍ കാരണം ഉണ്ടാകുക. അരിയുടെയും മറ്റു അവശ്യസാധനകളുടെയും വിലകള്‍ കുതിച്ചുകയറും.
മദ്യവില സമീപകാലത്ത് കൂട്ടിയതിനാല്‍തന്നെ ഇത്തവണത്തെ ബജറ്റില്‍ വില വര്‍ധനവുണ്ടാകില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്താക്കിക്കൊണ്ട് വിലവര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. ചെറുതും വലുതുമായി നികുതി പരിഷ്‌കാരങ്ങളും നിരക്കുവര്‍ധനയുമൊക്കെ ഏറ്റവുമധികം ബാധിക്കാന്‍പോകുന്നത് സാധാരണക്കാരെ തന്നെയായിരിക്കും. 2023 ഡിസംബറില്‍ 5.69 % ആയിരുന്ന വിലക്കയറ്റം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അടുക്കള മുതല്‍ കോടതിവരെ വിലക്കയറ്റം ബാധിക്കും.
സംസ്ഥാനത്ത് നിലവില്‍ 1600 രൂപ വീതം 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂട്ടാത്ത സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷനില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ എന്ന് ഉറ്റുനോക്കിയിരുന്നവരെ നിരാശരാക്കിയതിനൊപ്പം വിപണിയിലേക്കു പണമിറക്കി പണം തിരിച്ചുനേടാനുള്ള സാധ്യതകൂടിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
രജിസ്‌ട്രേഷന്‍, ലാന്റ് റവന്യൂ മേഖലകളിലാണ് പ്രധാനമായും നിരക്ക്-നികുതിവര്‍ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൂടാതെ, മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന തീരുവയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സാധാരണക്കാര്‍ക്കു തിരിച്ചടിയായേക്കാവുന്ന നികുതിനിര്‍ദേശങ്ങള്‍ സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കും.
വികസിതരാഷ്ട്രങ്ങളോടു കിടപിടിക്കുന്ന വികസനമാണ് കേരളത്തിലെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നു. കേന്ദ്രത്തെ കുറ്റം പറയുമ്പോള്‍ത്തന്നെ വിഭവസമാഹരണത്തില്‍ കേരളം സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്നുവെന്നത് മറയ്ക്കുന്നു. കിഫ്ബി തുടങ്ങിവച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍; നിലനില്‍പുതന്നെ പ്രതിസന്ധിയിലാണ്. കേരളം കടന്നുപോകുന്ന കടുത്ത ധനകാര്യത്തകര്‍ച്ചയെ നേരിടുന്ന തരത്തിലുള്ള ഒരു വികസന നയം ആവിഷ്‌കരിക്കാന്‍ ഈ ബജറ്റിലൂടെ സാധിച്ചിട്ടില്ല.
രൂക്ഷമായ ധനപ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ധനനയം വിഭവസമാഹരണമാണ്. എന്നാല്‍ മധ്യവര്‍ഗത്തെയും ഉയര്‍ന്നവര്‍ഗത്തെയും കാര്യമായി ഉപയോഗിക്കാതെ താഴേക്കിടയിലുള്ളവരെ പിഴിയുന്ന രീതിയാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അനാവശ്യമായ ചെലവ് ചുരുക്കുക എന്നുള്ള നയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനം നടത്താത്തത് തിരിച്ചടിയായിട്ടുണ്ട്.
ടോണി ചിറ്റിലപ്പിള്ളി
സെക്രട്ടറി, സീറോമലബാര്‍ സഭാ അത്മായ ഫോറം