Sunday, November 24, 2024

ഇംഗ്ലീഷ് സാഹിത്യത്തിലെ ജനപ്രിയ നോവല്‍, ‘പ്രൈഡ് ആന്‍ഡ് പ്രജുഡിസ്’

ഇംഗ്ലീഷ് സാഹിത്യകാരിയായ ജെയിന്‍ ഓസ്റ്റിന്‍ 1813ല്‍ എഴുതിയ നോവലാണ് ‘പ്രൈഡ് ആന്റ് പ്രെജുഡിസ’്. കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവമായിരുന്നു ജെയിന്‍ ഓസ്റ്റിന്റേത്. ഭാഷയും മികച്ചത്. അന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയിലേയ്ക്ക് വെളിച്ചം വീശുന്നവയായിരുന്നു ജെയിനിന്റെ രചനകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകളുടെ ഏക ലക്ഷ്യം വിവാഹം ആകണമെന്ന ചിന്താധാരയെ ശക്തമായി എതിര്‍ത്ത എഴുത്തുകാരി കൂടിയായിരുന്നു അവര്‍. സാമൂഹിക പശ്ചാത്തലത്തിന്റെ വിവരണവും റൊമാന്‍സും കലര്‍ന്ന രചനാസമ്പ്രദായമാണ് ഓസ്റ്റിന്‍ സ്വീകരിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ‘പ്രൈഡ് ആന്‍ഡ് പ്രെജുഡിസ’് എന്ന നോവല്‍ രചിച്ചിരിക്കുന്നത്. അഹങ്കാരത്തേയും മുന്‍വിധിയേയും കുറിച്ചാണ് ഈ നോവലില്‍ പറയുന്നത്. തത്വശാസ്ത്രം, ചരിത്രം, തമാശകള്‍ എന്നിവയിലൂടെ കുടുംബസ്നേഹത്തിന്റെ കഥയാണ് ഇതില്‍ പറഞ്ഞുവയ്ക്കുന്നത്. ജെയിന്‍ ഓസ്റ്റിന്‍ ആദ്യം ‘ഫസ്റ്റ് ഇംപ്രഷന്‍സ’് എന്ന് പേരിട്ട ഈ കൃതി, അവര്‍ തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച നാല് നോവലുകളില്‍ രണ്ടാമത്തേതാണ്. ഓസ്റ്റിന്‍ ജീവിച്ചിരുന്ന അടച്ചിട്ട സാമൂഹിക ലോകത്തിന്റെ കൃത്യമായ ചിത്രീകരണം കൂടിയാണ് ഈ നോവല്‍. അവര്‍ ആ ലോകത്തെ അതിന്റെ എല്ലാ കൃത്യതയോടെയും ആക്ഷേപഹാസ്യത്തോടെയും നോവലില്‍ ചിത്രീകരിച്ചിട്ടുമുണ്ട്.

പ്രധാന കഥാപാത്രങ്ങള്‍

* മിസ്റ്റര്‍ ബെന്നറ്റ്
* എലിസബത്ത് ബെന്നറ്റ് – ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ ഈ കഥയിലെ മുഖ്യ കഥാപാത്രം; അവരുടെ കണ്ണുകളിലൂടെയാണ് വായനക്കാര്‍ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത്.
* മേരി ബെന്നറ്റ്
* മിസ്റ്റര്‍ ഡാര്‍സി
* കാഥറിന്‍ ബെന്നറ്റ്
* ചാള്‍സ് ബിന്‍ഗ്ലി

പ്രധാന കഥാപാത്രമായ എലിസബത്ത് ബെന്നറ്റിന്റെ സ്വഭാവവികസനത്തെയാണ് നോവല്‍ പിന്തുടരുന്നത്. അവരുടെ പെരുമാറ്റം, വിദ്യാഭ്യാസം, വിവാഹം, സമ്പത്ത് എന്നിവയുടെ സത്യസന്ധമായ ചിത്രീകരണത്തിലാണ് ഈ നോവലിന്റെ ജീവന്‍. ലോംഗ്ബോര്‍ എസ്റ്റേറ്റിലെ മിസ്റ്റര്‍ ബെന്നറ്റിന് അഞ്ച് പെണ്‍മക്കളുണ്ട്. പക്ഷേ അയാളുടെ സ്വത്ത് ഒരു പുരുഷ അവകാശിക്ക് മാത്രമേ കൈമാറാന്‍ കഴിയൂ. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അവകാശം ഇല്ല. അതിനാല്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബം നിരാലംബരാകും. അതിനാല്‍, പെണ്‍കുട്ടികളിലൊരാളെങ്കിലും മറ്റുള്ളവരെ പിന്തുണയ്ക്കുന്നതിനായി വിവാഹം കഴിക്കേണ്ടത് അനിവാര്യമാകുന്നു. ഇതാണ് നോവലിന്റെ ഇതിവൃത്തം. സാമുദായിക സമ്മര്‍ദ്ദം വകവയ്ക്കാതെ, പണത്തിനോ സാമൂഹിക അന്തസ്സിനോ പകരം പ്രണയത്തിന് പ്രഥമസ്ഥാനം നല്‍കി വിവാഹം കഴിക്കുന്നതിന്റെ പ്രാധാന്യത്തെ ചുറ്റിപ്പറ്റിയാണ് നോവല്‍.

‘പ്രൈഡ് ആന്‍ഡ് പ്രിജുഡിസ്’ സാഹിത്യ പണ്ഡിതന്മാര്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയുടെ മുന്‍നിരയില്‍ സ്ഥിരമായി സ്ഥാനം പിടിക്കാറുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ജനപ്രിയമായ നോവലുകളില്‍ ഒന്നായ ‘പ്രൈഡ് ആന്‍ഡ് പ്രജുഡിസി’ന്റെ 20 ദശലക്ഷത്തിലധികം പകര്‍പ്പുകളും വിറ്റഴിച്ചിട്ടുണ്ട്.

 

Latest News